മലപ്പുറം: ലോംഗ് റിച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയുണ്ടാക്കി മോറിസ് കോയിന് എന്ന പേരില്‍ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ മലപ്പുറം സ്വദേശി നിഷാദ് കിളിയടുക്കലിനെതിരെ പോലീസ് ലൂക്കൗട്ട നോട്ടീസ് പുറപ്പെടുവിച്ചു. നിഷാദ് വിദേശത്തേക്കു കടക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. നിഷാദിന്റെ പാസ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും കൈമാറിയതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുല്‍ കരീം പറഞ്ഞു.
കേസില്‍ നിഷാദ് നേരത്തേ ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. എന്നാല്‍ കോടതി നിര്‍ദേശിച്ച സമയപരിധി പിന്നിട്ടിട്ടും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാത്തതോടെയാണ് ജാമ്യം റദ്ദാക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയത്. പിന്നാലെ ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിക്കുകയായിരുന്നു.
മണി ചെയിന്‍ ഇടപാടിലൂടെ കോടികളുടെ അനധികൃത നിക്ഷേപം സ്വീകരിച്ചതിന് പ്രൈസ് ചിറ്റ്സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ സ്കീംസ് (ബാനിങ്) ആക്ട് പ്രകാരമാണ് നിഷാദിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. നിഷാദിന്റെ അഞ്ച് ബാങ്ക് അക്കൗണ്ടുകളിലേക്കായി കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 1,200 കോടി രൂപയുടെ നിക്ഷേപം എത്തിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഈ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ച പൊലീസ് പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കൈമാറിയിട്ടുണ്ട്. അതിനിടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഏറ്റെടുത്തു. മോറിസ് കോയിന് നിക്ഷേപ പദ്ധതി വഴി കൂടുതല്‍ പണം സ്വരൂപിച്ച നിക്ഷേപകരെയും കേസില്‍ പ്രതി ചേര്‍ക്കാനാണു പൊലീസ് നീക്കം.
‘Morris Coin’ Ponzi Scheme Busted: Lookout notice released against Long rich Pvt Ltd MD Nishad Kiliyadukkal