കാസര്‍കോട്: മൃഗചികിത്സാ സംവിധാനങ്ങള്‍ വീടുകളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെയും കേന്ദ്രീകൃത കോള്‍ സെന്ററുകളുടെയും പ്രവര്‍ത്തനം ജില്ലയില്‍ ആരംഭിച്ചു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ലൈവ്സ്റ്റോക്ക് ഹെല്‍ത്ത് ആന്റ് ഡിസീസ് കണ്ട്രോള് എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയുടെ കീഴില്‍ ജില്ലയിലെ ബ്ലോക്കുകള്‍ക്ക് അനുവദിച്ച 2 മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം രാജ്മോഹന്‍ ഉണ്ണിത്താന് എം.പി നിര്‍വഹിച്ചു.
കലക്ടറേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ഇ. ചന്ദ്രശേഖരന്, എ.കെ.എം. അഷ്റഫ്, ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍ബീര്‍ ചന്ദ് എന്നിവര്‍ മുഖ്യാതിഥിയായി.
ജില്ലയില്‍ കാഞ്ഞങ്ങാട്, കാസര്‍കോട് ബ്ലോക്കുകളിലാണ് ഇപ്പോള്‍ സേവനം ലഭ്യമാവുക. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലും ഉദുമ, പെരിയ, പള്ളിക്കര, അജാനൂര്‍, മടിക്കൈ എന്നി പഞ്ചായത്തുകളിലും കാസര്‍കോട് ബ്ലോക്കില്‍ ചെമ്മനാട്, ബദിയടുക്ക, ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലും കാസര്‍കോട് മുന്‍സിപ്പാലിറ്റിയിലും ഈ പദ്ധതിയുടെ സേവനം ലഭ്യമാക്കും.
മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ബി. സുരേഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ജി.എം. സുനില്‍, പി.ആര്.ഒ ഡോ.എ. മുരളിധരന്, ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.എസ്. മഞ്ജു, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.ജി. ജയപ്രകാശ് നേതൃത്വം നല്കി.