ന്യൂഡെല്‍ഹി: നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിച്ചുവെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വായ്പാ തട്ടിപ്പ് കേസ് പ്രതി മെഹുല്‍ ചോക്സി ഡൊമിനിക്കന്‍ ഹൈകോടതിയെ സമീപിച്ചു. നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിച്ചിട്ടില്ലെന്നും ഇന്ത്യന്‍ സര്‍ക്കാറിന്റെ ആളുകള്‍ തന്നെ ആന്റിഗയില് നിന്ന് തട്ടിക്കൊണ്ടുവന്നതാണെന്നുമാണ് അദ്ദേഹം കോടതിയില്‍ പറഞ്ഞത്.
13,500 കോടിയുടെ വായ്പ തട്ടിപ്പ് കേസില്‍ പ്രതിയായ ചോക്സി ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട ശേഷം 2018 മുതല്‍ ആന്റിഗയിലായിരുന്നു. മെയ് 23നാണ് അയല്‍ രാജ്യമായ ഡൊമിനിക്കയില്‍ അറസ്റ്റിലായത്. നേരത്തെ താന്‍ ആന്റിഗന്‍ പൗരനാണെന്നും ഇന്ത്യക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ട് അദ്ദേഹം അവിടെ കോടതിയെ സമീപിച്ചിരുന്നു.