കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ മമതയ്ക്കെതിരെ മത്സരിച്ച് ജയിച്ച സുവേന്ദു അധികാരിക്കെതിരായ തെരഞ്ഞെടുപ്പ് കേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി കൊല്‍ക്കത്ത ഹൈക്കോടതി. പിഴ വിധിച്ചതിന് പിന്നാലെ ജഡ്ജി കേസില്‍ നിന്ന് പിന്മാറുകയും ചെയ്തു. കേസ് പരിഗണിച്ച ജസ്റ്റിസ് കൗശിക് ചന്ദയാണ് തുടര്‍നടപടികളില്‍ നിന്നും പിന്മാറിയത്.
ഭിന്ന താത്പര്യമുള്ളതിനാല് കേസ് കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗശിക് ചന്ദ പിന്മാറണമെന്ന് മമത നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേസില്‍ നിന്ന് പിന്മാറുന്നതിന് മുമ്പ് മുഖ്യമന്ത്രി മമത ബാനര്‍ജിയെ ജസ്റ്റിസ് കൗശിക് ചന്ദ രൂക്ഷമായി വിമര്‍ശിച്ചു. ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി മമത മുന്‍കൂട്ടി നീക്കം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
ജസ്റ്റിസ് കൗശിക് ചന്ദയ്ക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ജൂണ്‍ 16ന് കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മമത കത്ത് അയച്ചിരുന്നു. ജഡ്ജിക്ക് ബിജെപി ബന്ധമുളളതിനാല്‍ പ്രതിക്ക് അനുകൂലമായ തീരുമാനങ്ങള്‍ കൈക്കൊളളാന്‍ സാധ്യതയുണ്ടെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി. സ്ഥാനാര്‍ഥിയായ സുവേന്ദു അധികാരി തെരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്താണ് മമത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നാണ് നന്ദിഗ്രാമില്‍ മത്സരിച്ചത്. തുടര്‍ന്ന് ബിജെപിയുടെ വെല്ലുവിളി ഏറ്റെടുത്ത് തന്റെ മണ്ഡലം വിട്ട് നന്ദിഗ്രാമില്‍ സുവേന്ദുവിനെതിരെ മത്സരിച്ച മമത തോല്‍ക്കുകയായിരുന്നു.