സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണനിരക്ക്; പവന് 71,560 രൂപ

ശനിയാഴ്ച രാജ്യാന്തര വിപണികള്‍ അവധിയായതിനാലാണ് നിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നത്.

സംസ്ഥാനത്ത് സ്വര്‍ണനിരക്കില്‍ മാറ്റമില്ല. കഴിഞ്ഞ ദിവസം കുറിച്ച റെക്കോര്‍ഡ് നിരക്കില്‍ തന്നെ തുടരുകയാണ്. ഗ്രാമിന് 8,945 രൂപയിലും പവന് 71,560 രൂപ നിരക്കിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍ 17 ന് സംസ്ഥാനത്തും, ദേശീയ രാജ്യാന്തര തലങ്ങളിലും സ്വര്‍ണ വില റെക്കോര്‍ഡ് തിരുത്തിയിരുന്നു. രാജ്യാന്തര സ്വര്‍ണവില 3341 ഡോളറിലേക്ക് എത്തിയതോടെയാണ് സംസ്ഥാനത്ത് വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തിയത്. പവന് 840 രൂപ ഒറ്റയടിക്ക് വര്‍ധിച്ച് ഏപ്രില്‍ 17 ന് സ്വര്‍ണവില ആദ്യമായി 71,000 കടന്നു.

കഴിഞ്ഞദിവസം സംസ്ഥാനത്ത് വ്യത്യസ്ത നിരക്കിലായിരുന്നു സ്വര്‍ണത്തിന്റെ വ്യാപാരം നടന്നത്. ഇത് ഉപഭോക്താക്കളെയും വ്യാപാരികളെയും ആശയകുഴപ്പത്തില്‍ ആക്കിയിരുന്നു. ശനിയാഴ്ചയും അതേ അനിശ്ചിതത്വം തുടരുകയാണ്.

കേരളത്തില്‍ വിലകുറക്കുന്നതിന്റെ അടിസ്ഥാന മാനദണ്ഡങ്ങളില്‍ ഒന്നായ ബോംബെ വിപണിയിലെ നിരക്ക് കുറയാതെ നിന്നതിനാലാണ് വില ഉയര്‍ത്തിയതെന്നും, എന്നാല്‍ രാജ്യാന്തര വിപണി അടിസ്ഥാനമാക്കിയാണ് വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നതെന്നും ഇരു വിഭാഗത്തിലെയും വ്യാപാരി അസോസിയേഷന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച രാജ്യാന്തര വിപണികള്‍ അവധിയായതിനാലാണ് നിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നത്.

ആഗോള സാമ്പത്തിക രംഗത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് മാറ്റങ്ങള്‍ വരുത്തി വെച്ച അനിശ്ചിതത്വം മാറ്റമില്ലാതെ തുടരുകയാണ്. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കും വ്യാപാര യുദ്ധത്തിലേക്കും കടന്നിരിക്കുകയാണ്.

ഇതോടെ നിക്ഷേപകരെല്ലാം ആശങ്കയിലാകുകയും സ്വര്‍ണത്തിലേക്ക് അഭയം തേടുകയും ചെയ്തിട്ടുണ്ട്. സ്വര്‍ണ വിലയെ സമീപകാലത്ത് ഉത്തേജിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ഇതാണ്. സാമ്പത്തിക മാന്ദ്യ കാലത്ത് ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗം സ്വര്‍ണമാണ്. ലോകത്തിലെ ഒട്ടുമിക്ക നിക്ഷേപകരും സ്വര്‍ണമാണ് സുരക്ഷിത താവളമായി കാണുന്നത്.

Related Articles
Next Story
Share it