റെക്കോര്‍ഡ് കുതിപ്പുമായി സ്വര്‍ണം; ഒറ്റയടിക്ക് കൂടിയത് 2,200 രൂപ, പവന് 74,320

സ്വര്‍ണത്തിന് ഒരുദിവസം കേരളത്തില്‍ ഇത്രയധികം വില കൂടുന്നത് സമീപകാല ചരിത്രത്തില്‍ ആദ്യം

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുകയരുന്നു. സാധാരണക്കാരുടെ സ്വര്‍ണം വാങ്ങാനുള്ള ആഗ്രഹത്തിനാണ് തിരിച്ചടിയാകുന്നത്. അതൊടൊപ്പം വിവാഹത്തിന് ആഭരങ്ങള്‍ എടുക്കുന്നവര്‍ക്കും തിരിച്ചടി ആകുന്നു. ചൊവ്വാഴ്ച പവന് ഒറ്റയടിക്ക് 2,200 രൂപയാണ് കൂടിയത്. ഇതോടെ പവന് 74,320 രൂപയും ഗ്രാമിന് 275 രൂപ വര്‍ധിച്ച് 9,290 രൂപയുമായി.

കഴിഞ്ഞദിവസം ഗ്രാമിന് 9,015 രൂപയും പവന് 72,120 രൂപയുമെന്ന റെക്കോര്‍ഡ് വിലയിലാണ് വ്യാപാരം നടന്നത്. ഇന്ന് പുതിയ റെക്കോര്‍ഡ് കുറിക്കുകയും ചെയ്തു. സ്വര്‍ണത്തിന് ഒരുദിവസം കേരളത്തില്‍ ഇത്രയധികം വില കൂടുന്നത് സമീപകാല ചരിത്രത്തില്‍ ആദ്യമായാണ്.

ചൊവ്വാഴ്ച 18 കാരറ്റ് സ്വര്‍ണവിലയും കൂടിയിട്ടുണ്ട്. ഗ്രാമിന് 280 രൂപ ഉയര്‍ന്ന് 7,690 രൂപയെന്ന റെക്കോര്‍ഡ് കുറിച്ചു. മറ്റു ചില കടകളില്‍ വില ഇതേ നിലവാരത്തില്‍ മുന്നേറി 7,650 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിവില ഗ്രാമിന് 109 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.

നിലവിലെ ട്രെന്‍ഡ് തുടരുമെന്നും പവന് വൈകാതെ 75,000 രൂപയെന്ന നാഴികക്കല്ലും മറികടക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലുകള്‍. ഏപ്രില്‍ 30ന് എത്തുന്ന അക്ഷയതൃതീയ ആഘോഷങ്ങളോടൊപ്പം വിവാഹ സീസണുകള്‍ വരുന്നതിനാല്‍ സ്വര്‍ണവില വര്‍ദ്ധിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെങ്കിലും, ജനങ്ങളുടെ വാങ്ങല്‍ ശക്തി കുറഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തില്‍ മുതലിറക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പവന് 8,520 രൂപയും ഗ്രാമിന് 1,065 രൂപയുമാണ് കൂടിയത്. 2025ല്‍ ഇതുവരെ പവന്റെ മുന്നേറ്റം 17,440 രൂപ. ഗ്രാമിന് 2,180 രൂപയും. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 22ന് പവന് 54,040 രൂപയാണ് ഉണ്ടായിരുന്നത്. ഗ്രാമിന് 6,755 രൂപയും. തുടര്‍ന്ന് ഇതുവരെ പവന്‍ കുതിച്ചുകയറിയത് 20,280 രൂപ. ഗ്രാമിന് ഇക്കാലയളലില്‍ 2,535 രൂപയും ഉയര്‍ന്നു.

താരിഫ് തര്‍ക്കങ്ങളും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുമാണ് വിലക്കയറ്റത്തിന് കാരണം. കഴിഞ്ഞ 12 ദിവസം കൊണ്ട് 560 ഡോളറിന്റെ വിലവര്‍ധനമാണ് അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഉണ്ടായത്. സ്പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 3400 ഡോളറും കടന്നു. 2.7 ശതമാനം നേട്ടത്തോടെ സ്പോട്ട് ഗോള്‍ഡിന്റെ വില 3,417.62 ഡോളറായി. യു.എസിന്റെ ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും ഉയരുകയാണ്. 2.9 ശതമാനം നേട്ടത്തോടെ 3,425.30 ഡോളറായാണ് വില ഉയര്‍ന്നത്.

സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ 3% ജി.എസ്.ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസ്, പണിക്കൂലി എന്നിവയും നല്‍കണം. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 3 മുതല്‍ 30 ശതമാനം വരെയൊക്കെയാകാം.

ചൊവ്വാഴ്ച മിനിമം 5% പണിക്കൂലിക്കാണ് ആഭരണം വാങ്ങുന്നതെങ്കില്‍ ഒരു പവന് 80,432 രൂപ നല്‍കണം. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 10,054 രൂപയും. പൊതുവേ ശരാശരി 10 ശതമാനം പണിക്കൂലിയാണ് മിക്ക ജ്വല്ലറികളും വാങ്ങാറുള്ളത്. അങ്ങനെയെങ്കില്‍ ഇന്നു ഒരു പവന്‍ ആഭരണത്തിന്റെ വില 84,260 രൂപയായിരിക്കും. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 10,532 രൂപയും.

Related Articles
Next Story
Share it