90,000 ലേക്ക് അടുത്ത് സ്വര്‍ണം; പവന് ഒറ്റയടിക്ക് 920 രൂപ കൂടി

വെള്ളിവിലയിലും കുതിപ്പ്

സാധാരണക്കാര്‍ക്കും വിവാഹാവശ്യത്തിന് സ്വര്‍ണം എടുക്കുന്നവര്‍ക്കും കനത്ത തിരിച്ചടി നല്‍കി സ്വര്‍ണവിലയിലെ കുതിപ്പ്. ഓരോ ദിവസം കഴിയുന്തോറും സ്വര്‍ണത്തിന് വില കൂടുന്നതാണ് കാണാന്‍ കഴിയുക. കേരളത്തില്‍ ഇന്നു പവന് 920 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 89,480 രൂപയായി. കഴിഞ്ഞദിവസം 88,000 ഭേദിച്ച സ്വര്‍ണവില, ഇന്നു 89,000വും കടന്നിരിക്കുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 1000 രൂപയാണ് കഴിഞ്ഞദിവസം വര്‍ധിച്ചത്. ഇന്നുച്ചയ്ക്ക് 90,000 രൂപ തൊടാനുള്ള സാധ്യത കാണുന്നുവെന്നാണ് വിദഗ്ധരുടെ നിഗമനം.

18 കാരറ്റ് സ്വര്‍ണവിലയിലും റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 9200 രൂപയായി. ഈ സ്വര്‍ണം ഒരു പവന്‍ വാങ്ങുമ്പോള്‍ തന്നെ 73600 രൂപ വേണ്ടി വരും. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7170 രൂപയും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4640 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, വെള്ളി വില ഒരു രൂപ ഉയര്‍ന്ന് ഗ്രാമിന് 161 രൂപയിലെത്തി.

ഈ മാസം ഇതുവരെ കേരളത്തില്‍ പവന് 3,360 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 420 രൂപയും. ഇന്ന് 5% പണിക്കൂലി പ്രകാരം ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നുവെങ്കില്‍ 96,830 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 12,100 രൂപയും. അതായത്, 3 പവന്റെ ഒരു മാല വാങ്ങണമെങ്കില്‍ പോലും മിനിമം 3 ലക്ഷം രൂപയ്ക്കടുത്താകും.

രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 4,000 ഡോളറിന് തൊട്ടടുത്ത് എത്തിക്കഴിഞ്ഞു. ഇന്ന് രാവിലെ 90 ഡോളര്‍ ഉയര്‍ന്ന് വില എക്കാലത്തെയും ഉയരമായ 3,977.39 ഡോളറായി. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകളും പ്രവര്‍ത്തനച്ചെലവിന് ഫണ്ടില്ലാതെ ട്രംപിന്റെ സര്‍ക്കാര്‍ ഷട്ട്ഡൗണിന്റെ 7-ാം നാളിലേക്ക് കടന്നതുമാണ് സ്വര്‍ണത്തിന് നേട്ടമാകുന്നത്.

യുഎസിന്റെ സാമ്പത്തിക മേഖലയില്‍ പ്രതിസന്ധി കലുഷിതമായതോടെ 'സുരക്ഷിത നിക്ഷേപം' എന്ന പെരുമ കിട്ടുന്നതാണ് സ്വര്‍ണവിലയെ മേലോട്ട് നയിക്കുന്നത്. അതായത് ഡോളറിനെയും കടപ്പത്രത്തെയും ഓഹരികളെയും കൈവിട്ട് നിക്ഷേപകര്‍ സ്വര്‍ണ ഇടിഎഫ് പോലുള്ള പദ്ധതികളിലേക്ക് പണമൊഴുക്കുന്നു. ഫലത്തില്‍, സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയതോടെ വിലയും കുതിക്കുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ വെറും 2,500 ഡോളറായിരുന്ന രാജ്യാന്തരവിലയാണ് ഇപ്പോള്‍ 4,000ന് അടുത്തെത്തി നില്‍ക്കുന്നത്.

Related Articles
Next Story
Share it