81000 കടന്ന് സ്വര്‍ണം; പ്രതിസന്ധിയിലായി ഉപഭോക്താക്കളും വ്യാപാരികളും

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില നേരിയ ഏറ്റക്കുറച്ചിലുകള്‍ രേഖപ്പെടുത്തുന്നുണ്ട്

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും പുതിയ റെക്കോര്‍ഡ് കുറിച്ചു. കഴിഞ്ഞദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 80, 880 രൂപയായിരുന്നു രേഖപ്പെടുത്തിയത്. ഇതാദ്യമായാണ് സ്വര്‍ണം ഇത്രയും ഉയരത്തിലെത്തുന്നത്. എന്നാല്‍ ഇന്ന് ഈ റെക്കോര്‍ഡും കടന്ന് മുന്നേറുകയാണ് സ്വര്‍ണം. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 81, 040 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 160 രൂപയാണ് വര്‍ധിച്ചത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 10,130 രൂപയിലെത്തി. മൂന്ന് വര്‍ഷത്തിനിടെ സ്വര്‍ണത്തിന് ഇരട്ടി വിലയായിരിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില നേരിയ ഏറ്റക്കുറച്ചിലുകള്‍ രേഖപ്പെടുത്തുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം വിപണി അന്തരീക്ഷം വഷളാക്കാനാണ് സാധ്യത.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 8315 രൂപയിലെത്തി. മാസങ്ങള്‍ക്ക് മുമ്പ് 22 കാരറ്റിന്റെ വിലയായിരുന്നു ഇത്. ഇന്ന് 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6475 രൂപയും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4170 രൂപയുമാണ് വില. വെള്ളിയുടെ വില ഗ്രാമിന് 133 രൂപയില്‍ തന്നെ തുടരുന്നു.

സ്വര്‍ണം വാങ്ങാന്‍ 3% ജിഎസ്ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസ്, പണിക്കൂലി (335%) എന്നിവയും ബാധകമാണ്. മിനിമം 5% പണിക്കൂലി പ്രകാരംപോലും ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു പവന്‍ വാങ്ങാന്‍ 87,000 രൂപയ്ക്കുമേലാകും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് വിപണി വിലയില്‍ നിന്ന് നേരിയ കുറവ് വന്നേക്കാം. സ്വര്‍ണ വില വര്‍ധിച്ചത് ഉപഭോക്താക്കളെ മാത്രമല്ല, വ്യാപാരികളേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വില കുറഞ്ഞാല്‍ മാത്രമേ ആഭരണ വിപണി സജീവമാകൂ. പല വ്യാപാരികളും കടുത്ത പ്രതിസന്ധി നേരിടുന്നു എന്നാണ് വിവരം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയെങ്കിലും ആഭരണത്തിന് ആവശ്യക്കാരില്ല.

ഓണം ഉള്‍പ്പെടെയുള്ള ആഘോഷ വേളയില്‍ പോലും കേരളത്തില്‍ ജ്വല്ലറി വില്‍പ്പന സജീവമായില്ല. ദേശീയ വിപണിയിലും ആഘോഷ സീസണ്‍ മികച്ചതായിരുന്നില്ല. 28 ശതമാനം ഇടിവാണ് ആഭരണ വിപണിയില്‍.

Related Articles
Next Story
Share it