സ്വര്‍ണ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍; പവന് 80,000 കടന്നു
ഡോളര്‍ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില കുതിക്കാന്‍ കാരണം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് മുന്നേറ്റം. വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവരേയും സാധാരണക്കാരേയും നിരാശപ്പെടുത്തിയാണ് സ്വര്‍ണത്തിന്റെ കുതിപ്പ്. രാജ്യാന്തര വിപണിയില്‍ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് വില കയറുന്ന സാഹചര്യത്തിലാണ് കേരളത്തിലും വില കൂടുന്നത്. ഡോളര്‍ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില കുതിക്കാന്‍ കാരണം. മാത്രമല്ല, അമേരിക്കയിലെ പലിശ നിരക്ക് അടുത്താഴ്ച കുറയ്ക്കുമെന്ന പ്രചാരണം ശക്തമാകുകയും ചെയ്തു.
വില കുറയുമെന്ന് കരുതി കാത്തുനിന്നവര്‍ക്ക് അടുത്ത കാലത്തൊന്നും ആ പ്രതീക്ഷ വേണ്ട. ഇനിയും വില വര്‍ധിക്കുമെന്ന് തന്നെയാണ് സ്വര്‍ണ വിപണിയില്‍ നിന്നുള്ള വിവരം. കാരണം ഇത്രയും ഉയര്‍ന്ന വില കൊടുത്ത് സ്വര്‍ണം വാങ്ങാന്‍ സാധാരണക്കാര്‍ക്ക് സാധിക്കില്ല.
സംസ്ഥാനത്ത് ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണം ഒരു പവന് 80880 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒറ്റയടിക്ക് ആയിരം രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 125 രൂപ വര്‍ധിച്ച് 10,110 രൂപയായി. ഇത്രയും വില കയറുമെന്ന് ഉപഭോക്താക്കളെ പോലെ വ്യാപാരികളും പ്രതീക്ഷിച്ചിരുന്നില്ല. വ്യാപാര മേഖല ഇതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
81,000 രൂപയെന്ന അടുത്ത നാഴികക്കല്ലിലേക്ക് പവന്‍ വില എത്താന്‍ ഇനി 120 രൂപയുടെ വ്യത്യാസം മാത്രം. ഇന്നൊരൊറ്റ പവന്റെ ആഭരണം വാങ്ങാന്‍പോലും മിനിമം കൊടുക്കേണ്ടത് 87,530 രൂപ. 3% ജി.എസ്.ടിയും 53.10 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജും കുറഞ്ഞത് 5% പണിക്കൂലിയും ചേര്‍ത്തുള്ള വാങ്ങല്‍ത്തുകയാണിത്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 8300 രൂപയായി. 14 കാരറ്റ് ഗ്രാമിന് 6465 രൂപയിലെത്തി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4165 രൂപയുമായി. അതേസമയം, വെള്ളിയുടെ വിലയില്‍ കേരളത്തില്‍ മാറ്റമില്ല. ഗ്രാമിന് 133 രൂപയില്‍ തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 3640 ഡോളറിലെത്തി. ഇതാണ് കേരളത്തിലെ വിലയും ഉയരാന്‍ കാരണം. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മാത്രം കേരളത്തില്‍ ഗ്രാമിന് 895 രൂപയും ഗ്രാമിന് 7,160 രൂപയും കൂടി.