സംസ്ഥാനത്ത് സ്വര്‍ണം റെക്കോര്‍ഡ് വിലയില്‍; ഒറ്റയടിക്ക് 680 രൂപ കൂടി
വെള്ളി വിലയിലും റെക്കോര്‍ഡ്

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. മാസത്തിന്റെ തുടക്കത്തില്‍ തന്നെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലാണ്. പവന് ഒറ്റയടിക്ക് 680 രൂപ കൂടി 77,640 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. വിലകുറയുമെന്ന് കരുതി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവരാണ് നിരാശരായത്. ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണവില 77,000 കടക്കുന്നത്. ഗ്രാം വില 85 രൂപ കൂടി 9705 രൂപയായി. പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ ഒരുപവന് 83,000 രൂപയ്ക്കു മുകളില്‍ നല്‍കേണ്ടി വരും.
18 കാരറ്റ് സ്വര്‍ണത്തിനും വില കൂടി. ഗ്രാമിന് 65 രൂപയാണ് തിങ്കളാഴ്ച വര്‍ധിച്ചിരിക്കുന്നത്. 7970 രൂപയാണ് ഇന്നത്തെ ഗ്രാം വില. പവന് 63790 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6205 രൂപയാണ് ഇന്നത്തെ നിരക്ക്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4005 രൂപ നല്‍കണം. വെള്ളി വിലയും റെക്കോര്‍ഡിലാണ്. ഒരു ഗ്രാമിന് 2 രൂപ കൂട്ടി 130 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഓഗസ്റ്റ് 22ന് 73,720 രൂപയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. 10 ദിവസം കൊണ്ട് 3920 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയാണ് സ്വര്‍ണവില കൂടാന്‍ കാരണം. രാജ്യാന്തര തലത്തിലും സ്വര്‍ണവില കുതിക്കുകയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 26.63 ഡോളര്‍ വര്‍ധിച്ച് 3474.58 ഡോളര്‍ എന്ന നിലയിലാണ്. വിപണിയില്‍ രൂപപ്പെട്ട ആശങ്കയാണ് വില കൂടാനുള്ള കാരണം. അമേരിക്ക തുടങ്ങി വച്ച താരിഫ് പോര്, പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രചാരണം എന്നിവയെല്ലാം സ്വര്‍ണവില കൂടുന്നതിന് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും സ്വര്‍ണ വില കൂടുമെന്ന് തന്നെയാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.