സംസ്ഥാനത്ത് കത്തിക്കയറി സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് 1,200 രൂപ; പവന് 76,960
വെള്ളി വിലയിലും വര്‍ധന

ചിങ്ങമാസം വിവാഹമാസമാണ്, ആഘോഷങ്ങളുടേയും. പലരും ഈ മാസമാണ് ആഭരണങ്ങള്‍ വാങ്ങാന്‍ ഇഷ്ടപ്പെടുന്നതും. എന്നാല്‍ സ്വര്‍ണാഭരണം എടുക്കുന്നവരെ നിരാശപ്പെടുത്തുകയാണ് കേരളത്തിലെ സ്വര്‍ണ വിപണി. സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണവില കുതിച്ചുയരുന്ന കാഴ്ചയാണ് കാണുന്നത്. പവന് ഒറ്റയടിക്ക് 1200 രൂപയുടെ വര്‍ധിച്ച് 76,960 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 77,000 ത്തിന് അടുത്തെത്താന്‍ 40 രൂപയുടെ അകലം മാത്രം.
ഗ്രാം വില 150 രൂപ ഉയര്‍ന്ന് 9,620 രൂപയായി. കേരളത്തില്‍ ഒരു ഗ്രാമിന് വില 9,500 രൂപ ഭേദിച്ചത് ഇതാദ്യം. സ്വര്‍ണാഭരണം വാങ്ങാന്‍ ഇതോടൊപ്പം 3% ജി.എസ്.ടിയും മിനിമം 5% പണിക്കൂലിയും 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസും കൂടിച്ചേര്‍ത്താലേ ആഭരണവിലയാകൂ. അതായത്, മിനിമം 10,405 രൂപ കൊടുത്താലേ ഇന്ന് കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണാഭരണം വാങ്ങാനാകൂ. ഒരു പവന്‍ ആഭരണത്തിന് 83,245 രൂപയും. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് മൂന്നു മുതല്‍ 35% വരെയൊക്കെയാകാം. പണിക്കൂലി കൂടുന്നതിന് അനുസരിച്ച് സ്വര്‍ണത്തിന്റെ വാങ്ങല്‍വിലയും കൂടും.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 120 രൂപ വര്‍ധിച്ച് 7895 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6145 രൂപയായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3970 രൂപയായിട്ടുണ്ട്. വെള്ളിയുടെ വില ഗ്രാമിന് 1 രൂപ വര്‍ധിച്ച് 128 രൂപയായി ഉയര്‍ന്നു. ഔണ്‍സ് സ്വര്‍ണത്തിന് 3447 ഡോളറിലെത്തി.
കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഏറ്റവും മികച്ച മുന്നേറ്റത്തിലാണ് രാജ്യാന്തര സ്വര്‍ണവില. ഔണ്‍സിന് 3,404 ഡോളറില്‍ നിന്ന് ഒരുഘട്ടത്തില്‍ 3,353 ഡോളര്‍ വരെ ഉയര്‍ന്ന വില, ഇപ്പോഴുള്ളത് 32 ഡോളര്‍ നേട്ടവുമായി 3,447 ഡോളറില്‍. രാജ്യാന്തരവില കൂടിയതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വിലക്കുതിപ്പ്.
രൂപ കഴിഞ്ഞദിവസം ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ചയായ 88.29 വരെ കൂപ്പുകുത്തി. വ്യാപാരാന്ത്യത്തില്‍ മൂല്യം 88.19. രൂപ തളരുകയും ഡോളര്‍ ശക്തമാവുകയും ചെയ്തതോടെ സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചെലവ് വര്‍ധിച്ചു. ഇതും ആഭ്യന്തര സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു.