2 ദിവസത്തെ ഇറക്കത്തിനുശേഷം കുതിച്ചുകയറി സ്വര്‍ണം; പവന് ഒറ്റയടിക്ക് 1120 രൂപയുടെ വര്‍ധന

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു

തുടര്‍ച്ചയായ ദിവസങ്ങളിലെ ഇടിവിന് ശേഷം സംസ്ഥാനത്ത് വീണ്ടും കുതിച്ച് കയറി സ്വര്‍ണം. സംസ്ഥാത്ത് ശനിയാഴ്ച ഗ്രാമിന് 140 രൂപ വര്‍ധിച്ച് 9,290 രൂപയിലെത്തി. പവന് 1120 വര്‍ധിച്ച് 74,320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഭരണപ്രേമികള്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള വിശേഷാവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും വലിയ തിരിച്ചടിയാണ് വിലയിലെ ഈ കുതിപ്പ്. രണ്ടുദിവസം കുറഞ്ഞതോടെ ഇനിയും കുറയുമെന്ന് പറഞ്ഞ് കാത്തിരുന്നവര്‍ക്കാണ് തിരിച്ചടി കിട്ടിയിരിക്കുന്നത്.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു. പണിക്കൂലിയും ജി എസ് ടിയും ഹോള്‍മാര്‍ക്ക് ഫീസും ചേരുമ്പോഴുള്ള വാങ്ങല്‍വില കുത്തനെ കൂടുന്നതാണ് ഉപഭോക്താക്കളെ ഏറെ ആശങ്കപ്പെടുത്തുന്നത്.

കഴിഞ്ഞമാസം 23ന് കുറിച്ച പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമാണ് കേരളത്തിലെ റെക്കോര്‍ഡ്. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലും വില കൂടാനിടയാക്കുന്നത്. കഴിഞ്ഞദിവസം ഔണ്‍സിന് 3,283 ഡോളറായിരുന്ന രാജ്യാന്തരവില ഇപ്പോഴുള്ളത് 3,363 ഡോളറില്‍. കേരളത്തിലെ മറ്റ് സ്വര്‍ണവില നിര്‍ണയ ഘടകങ്ങളായ മുംബൈ വിപണിയിലെ സ്വര്‍ണവില ഗ്രാമിന് 159 രൂപയും ബാങ്ക് റേറ്റ് 168 രൂപയും കൂടിയതും വിലക്കുതിപ്പിന് വഴിവച്ചു. ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകള്‍ അവ വ്യാപാരികള്‍ക്ക് നല്‍കുമ്പോള്‍ ഈടാക്കുന്ന വിലയാണ് ബാങ്ക് റേറ്റ്.

സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ചില ജ്വല്ലറികളില്‍ ഗ്രാമിന് 121 രൂപയിലും മറ്റ് ജ്വല്ലറികളില്‍ 120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് ചില കടകളില്‍ 125 രൂപ വര്‍ധിച്ച് 7,680 രൂപയായി. മറ്റ് ചില ജ്വല്ലറികളില്‍ 110 രൂപ കൂടി 7,620 രൂപയാണ് വില. 14 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 85 രൂപ ഉയര്‍ന്ന് 5,935 രൂപയിലെത്തി. 9 കാരറ്റിന് 3,825 രൂപ, ഇന്നു കൂടിയത് 55 രൂപ.

ഇന്ന് ഒരു പവന്‍ പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 72000 രൂപ വരെ കിട്ടുമെന്ന് പ്രതീക്ഷിക്കാം. അതേസമയം, ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 81000 വരെ ചെലവ് വന്നേക്കും. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങളാണെങ്കില്‍ പണിക്കൂലി ഉയരുകയും വില വര്‍ധിക്കുകയും ചെയ്യും.

Related Articles
Next Story
Share it