സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ കുതിപ്പ്; പവന് ഒറ്റയടിക്ക് 440 രൂപ കൂടി
വെള്ളി വിലയും കൂടി

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ കുതിപ്പ്. കഴിഞ്ഞദിവസവും സ്വര്‍ണത്തിന് നേരിയ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 9,020 രൂപയും പവന് 160 രൂപ ഉയര്‍ന്ന് 72,160 രൂപയിലുമാണ് വ്യാപാരം നടന്നത്. തുടര്‍ച്ചയായ ദിവസങ്ങളിലെ ഇടിവിന് പിന്നാലെയാണ് സ്വര്‍ണം ചാഞ്ചാട്ടം തുടങ്ങിയത്. ഇന്നു ഗ്രാമിന് 55 രൂപ ഉയര്‍ന്ന് വില 9,075 രൂപയായി. പവന്‍വില 440 രൂപ വര്‍ധിച്ച് 72,600 രൂപയിലുമെത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
ആഭരണപ്രേമികള്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള വിശേഷ ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും കനത്ത തിരിച്ചടിയാണിത്. പലരും വില കുറയാന്‍ കാത്തിരിക്കുകയായിരുന്നു. കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം, വെള്ളിവിലകളിലും കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍ നയിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ) നിര്‍ണയപ്രകാരം 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 7,480 രൂപയായി. വെള്ളി വില ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 120 രൂപയും.
എസ്. അബ്ദുല്‍ നാസര്‍ വിഭാഗം എ.കെ.ജി.എസ്.എം.എ ഇന്നു 18 കാരറ്റ് സ്വര്‍ണത്തിന് നല്‍കിയ വില ഗ്രാമിന് 40 രൂപ ഉയര്‍ത്തി 7,435 രൂപയാണ്. വെള്ളിവില ഗ്രാമിന് രണ്ടു രൂപ കൂട്ടി 118 രൂപയായും നിശ്ചയിച്ചു.
ഇടവേളയ്ക്ക് ശേഷം വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താരിഫ് യുദ്ധം പ്രഖ്യാപിച്ചതോടെയാണ് സ്വര്‍ണവില മുകളിലേക്ക് പോയത്. ഇന്നലെ കാനഡയ്ക്കെതിരെ 35% താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇന്നത്തെ സ്വര്‍ണവിലയില്‍ കാര്യമായ സ്വാധീനം ചെലുത്തിയത് എന്ന് ഉറപ്പാണ്.
രാജ്യാന്തര സ്വര്‍ണവില, സ്വര്‍ണത്തിന്റെ മുംബൈ വിപണിയിലെ വില, ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകള്‍ അവ വ്യാപാരികള്‍ക്ക് നല്‍കുമ്പോള്‍ ഈടാക്കുന്ന വില (ബാങ്ക് റേറ്റ്), ഡോളറും രൂപയും തമ്മിലെ വിനിമയനിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് കേരളത്തില്‍ ഓരോ ദിവസവും രാവിലെ സ്വര്‍ണവില നിര്‍ണയിക്കുന്നത്.
ഇന്നു വിലനിശ്ചയിക്കുമ്പോള്‍ രാജ്യാന്തര വിലയുള്ളത് ഔണ്‍സിന് 14 ഡോളര്‍ ഉയര്‍ന്ന് 3,331 ഡോളറില്‍. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറന്‍സികള്‍ക്കെതിരായ യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് 0.24% ഉയര്‍ന്ന് 97.89ല്‍ എത്തി. മുംബൈ വില ഗ്രാമിന് 61 രൂപ ഉയര്‍ന്ന് 9,986 രൂപയും ബാങ്ക് റേറ്റ് 65 രൂപ വര്‍ധിച്ച് 10,001 രൂപയുമായി.
രൂപയുള്ളത് ഡോളറിനെതിരെ 17 പൈസ ഇടിഞ്ഞ് 85.82ലും. ഇതോടെ കേരളത്തിലും സ്വര്‍ണവില കൂടുകയായിരുന്നു. 3 ദിവസത്തെ നേട്ടയാത്രയ്ക്ക് ബ്രേക്കിട്ടാണ് ഇന്ന് രൂപ ഡോളറിനെതിരെ ഇടിഞ്ഞത്. രാജ്യാന്തര വില വീണ്ടും 3,400 ഡോളറിലേക്ക് എത്തിയേക്കാമെന്ന് ചില അനലിസ്റ്റുകള്‍ പറയുന്നുണ്ട്. ഈ പ്രവചനം യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍ പവന്‍വില 73,000 രൂപ കടന്ന് മുന്നേറും.
സ്വര്‍ണം ആഭരണമായി വാങ്ങുമ്പോള്‍ 3% ജിഎസ്ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസ്, പണിക്കൂലി (335%) എന്നിവയും ബാധകമാണ്. 5% പണിക്കൂലി പ്രകാരമാണ് ഇന്നു സ്വര്‍ണാഭരണം വാങ്ങുന്നതെങ്കില്‍ ഒരു പവന്റെ വാങ്ങല്‍ വില 78,572 രൂപ. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 9,822 രൂപയും നല്‍കണം.