സംസ്ഥാനത്ത് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം; പവന് 72,840 രൂപ
കഴിഞ്ഞ 3 ദിവസങ്ങളിലായി ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയുമാണ് കൂടിയത്

സംസ്ഥാനത്ത് തുടര്‍ച്ചയായ കുതിപ്പുമായി സ്വര്‍ണം. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് വില 9,105 രൂപയും 320 രൂപ വര്‍ധിച്ച് പവന് 72,840 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. കഴിഞ്ഞ 3 ദിവസങ്ങളിലായി ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയുമാണ് കൂടിയത്. തുടര്‍ച്ചയായ ദിവസങ്ങളിലെ ഇടിവിന് പിന്നാലെയാണ് ഈ കുതിപ്പ്. സ്വര്‍ണവില കുറയുമെന്ന് കരുതി കാത്തിരുന്നവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് വിലയിലെ വര്‍ധനവ്.
ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍ നയിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ) നിര്‍ണയപ്രകാരം വ്യാഴാഴ്ച 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 7,515 രൂപയായി. വെള്ളി വില ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 119 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
എസ്. അബ്ദുല്‍ നാസര്‍ വിഭാഗം എ.കെ.ജി.എസ്.എം.എ ഇന്ന് 18 കാരറ്റിന് നല്‍കിയ വില ഗ്രാമിന് 35 രൂപ ഉയര്‍ത്തി 7,470 രൂപ. വെള്ളിക്കും വില കൂടി, ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 116 രൂപ. സംസ്ഥാനത്ത് സ്വര്‍ണം ആഭരണമായി വാങ്ങുമ്പോള്‍ 3% ജി.എസ്.ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസ്, പണിക്കൂലി എന്നിവയും ബാധകമാണ്. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇതു 3 മുതല്‍ 35% വരെയൊക്കെയാകാം.
രാജ്യാന്തരവില ഔണ്‍സിന് 3,340 ഡോളറില്‍ നിന്ന് 3,360 ഡോളറിനടുത്ത് എത്തിനില്‍ക്കവേയായിരുന്നു കേരളത്തില്‍ വില നിര്‍ണയം. വില നിര്‍ണയഘടങ്ങളായ മുംബൈ വില ഗ്രാമിന് 43 രൂപയും സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകള്‍ ഈടാക്കുന്ന വില (ബാങ്ക് റേറ്റ്) ഗ്രാമിന് 34 രൂപയും വര്‍ധിച്ചതാണ് കേരളത്തില്‍ വില കുതിക്കാന്‍ വഴിയൊരുക്കിയത്.