സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് തുടരുന്നു; പവന് 74,120 രൂപ

വെള്ളി വില മാറ്റമില്ലാതെ തുടരുന്നു

രാജ്യാന്തര സ്വര്‍ണവില നഷ്ടത്തില്‍ തുടര്‍ന്നിട്ടും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് തുടരുന്നു. വ്യാഴാഴ്ച സംസ്ഥാനത്ത് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 9,265 രൂപയും പവന് 120 രൂപ ഉയര്‍ന്ന് 74,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം 14ന് കുറിച്ച ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമാണ് സ്വര്‍ണവിലയിലെ റെക്കോര്‍ഡ്.

ബുധനാഴ്ചയും ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ഉയര്‍ന്നിരുന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7,600 രൂപയായി. വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 118 രൂപയെന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം, ഇറാനെതിരായ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണികള്‍, ഈ വര്‍ഷം രണ്ടുതവണ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പണനയം എന്നിവ രാജ്യാന്തര സ്വര്‍ണവിലയെ മുന്നോട്ട് നയിക്കേണ്ട ഘടകങ്ങളാണ്. എങ്കിലും, വില ഏതാനും ദിവസമായി നഷ്ടത്തിലാണ് തുടരുന്നത്.

3% ജി.എസ്.ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസ്, പണിക്കൂലി എന്നിവയും കൂടിച്ചേരുമ്പോഴാണ് കേരളത്തില്‍ സ്വര്‍ണാഭരണ വില. അതായത്, ഇന്ന് ഒരു പവന്‍ വാങ്ങണമെങ്കില്‍ 74,120 രൂപയ്ക്ക് പുറമെ ജി.എസ്.ടിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ചാര്‍ജും ഉള്‍പ്പെടെ 80, 214 രൂപയെങ്കിലും വേണം.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം കൂടുതല്‍ കലുഷിതമാവുകയോ ഇറാനെ യുഎസും ആക്രമിക്കുകയോ ചെയ്താല്‍ രാജ്യാന്തര സ്വര്‍ണവിലയും കുതിപ്പ് തുടങ്ങും. കാരണം, യുദ്ധം പോലുള്ള സാഹചര്യങ്ങളില്‍ ഓഹരി-കടപ്പത്ര വിപണികള്‍ തളരുകയും അത് സ്വര്‍ണ നിക്ഷേപത്തിന് നേട്ടമാവുകയും ചെയ്യാറുണ്ട്. ഇത് കേരളത്തിലെ വിലയെയും കൂടുതല്‍ മുന്നോട്ട് നയിക്കും. മറിച്ച്, വെടിനിര്‍ത്തലിനുള്ള സാധ്യത തെളിഞ്ഞാല്‍ സ്വര്‍ണക്കുതിപ്പിന് 'തല്‍കാലത്തേക്ക്' വിരാമമാകുമെന്ന് നിരീക്ഷകര്‍ പറയുന്നു.

Related Articles
Next Story
Share it