സംസ്ഥാനത്ത് വീണ്ടും സ്വര്‍ണക്കുതിപ്പ്; പവന് 74,000
യുദ്ധം പോലുള്ള സാഹചര്യങ്ങളിലെപ്പോഴും സ്വര്‍ണത്തിന് കിട്ടാറുള്ള 'സുരക്ഷിത നിക്ഷേപം' എന്ന പെരുമയാണ് കുതിപ്പിന് കാരണം

തുടര്‍ച്ചയായ കുതിപ്പിന് ശേഷം ഇടിഞ്ഞ സ്വര്‍ണവില വീണ്ടും കുതിപ്പിലേക്ക്. സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിലേക്ക്. കഴിഞ്ഞദിവസം സ്വര്‍ണത്തിന് വില ഇടിഞ്ഞതോടെ ഉപഭോക്താക്കളെ സംബന്ധിച്ച് ആശ്വാസമായിരുന്നു. എന്നാല്‍ അതിന് അല്പം ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബുധനാഴ്ച സ്വര്‍ണം ഗ്രാമിന് 50 രൂപ വര്‍ധിച്ച് 9,250 രൂപയും പവന് 500 രൂപ ഉയര്‍ന്ന് 74,000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് ഉടന്‍ അയവുണ്ടാകാനുള്ള സാധ്യതയില്ലെന്ന് വ്യക്തമാക്കി, ഇറാനെതിരായ ഭീഷണിയുടെ സ്വരം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടുതല്‍ കടുപ്പിച്ചതോടെയാണ് രാജ്യാന്തര സ്വര്‍ണവില വീണ്ടും കുതിപ്പ് തുടങ്ങിയത്.
യുദ്ധം പോലുള്ള സാഹചര്യങ്ങളിലെപ്പോഴും സ്വര്‍ണത്തിന് കിട്ടാറുള്ള 'സുരക്ഷിത നിക്ഷേപം' എന്ന പെരുമയാണ് കുതിപ്പിന് കാരണം. നിക്ഷേപകര്‍ ഓഹരി, കടപ്പത്ര വിപണികളെ കൈവിട്ട് ഗോള്‍ഡ് ഇടിഎഫിലേക്ക് നിക്ഷേപം മാറ്റുന്നതോടെ വില കുതിക്കും.
കഴിഞ്ഞദിവസം ഗ്രാമിന് 105 രൂപയും പവന് 840 രൂപയും ഇടിഞ്ഞിരുന്നു. ഈമാസം 14ന് ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന റെക്കോര്‍ഡില്‍ എത്തിയിരുന്നു. കേരളത്തിലെ സ്വര്‍ണവില നിര്‍ണയിക്കുന്ന ഘടകങ്ങളായ മുംബൈ വിപണിവില ഗ്രാമിന് ഇന്നുരാവിലെ 53 രൂപയും സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകള്‍ ഈടാക്കുന്ന വില 56 രൂപയും വര്‍ധിച്ചതും ഡോളറിനെതിരെ രൂപ 11 പൈസ നഷ്ടത്തോടെ 86.35ലേക്ക് വീണതും സ്വര്‍ണവില കൂടാനുള്ള വഴിയൊരുക്കി. അതേസമയം യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ 6 മുന്‍നിര കറന്‍സികള്‍ക്കെതിരായ യുഎസ് ഡോളര്‍ ഇന്‍ഡെക്‌സ് 0.14% താഴ്ന്ന് 98.69 എന്ന ദുര്‍ബലനിലയിലായതും സ്വര്‍ണത്തിന് നേട്ടമായി.
സ്വര്‍ണത്തിനൊപ്പം വെള്ളിയും റെക്കോര്‍ഡ് ഉയരത്തിലേക്ക് കുതിക്കുകയാണ്. കേരളത്തില്‍ വില പുതിയ ഉയരം കുറിച്ചു. കേരളത്തില്‍ ഗ്രാം വെള്ളിക്ക് 3 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം വെള്ളിക്ക് 118 രൂപയായി വില. അന്തര്‍ദേശീയ വിപണിയിലും വെള്ളിവില കുതിക്കുകയാണ്. ഔണ്‍സിന് 37 ഡോളറിലെത്തി. വൈകാതെ 40 ഡോളറാകും എന്ന് പറയപ്പെടുന്നു. ആവശ്യത്തിന് അനുസരിച്ച് ലഭ്യതയില്ലാത്തതാണ് വെള്ളി വില കൂട്ടുന്നത്. മാത്രമല്ല, സില്‍വര്‍ ഇടിഎഫ് നിക്ഷേപങ്ങള്‍ക്ക് പ്രിയമേറുന്നതും വ്യാവസായിക ആവശ്യത്തിനുള്ള വെള്ളിക്ക് ഡിമാന്‍ഡ് ഉയരുന്നതുമാണ് വിലക്കുതിപ്പ് കാരണം.
വെള്ളിയാഭരണം, വെള്ളികൊണ്ടുള്ള പാത്രങ്ങള്‍, പൂജാസാമഗ്രികള്‍ തുടങ്ങിയവ വാങ്ങുന്നവര്‍ക്ക് വന്‍ തിരിച്ചടിയാണ് വിലവര്‍ധനവിലൂടെ ഉണ്ടാകുന്നത്. സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഉയര്‍ന്നെങ്കിലും വെള്ളിക്ക് സമാനമായി വ്യത്യസ്ത വിലയാണുള്ളത്. ചില കടകളില്‍ ഗ്രാമിന് 40 രൂപ വര്‍ധിച്ച് 7,615 രൂപ. മറ്റു ചില കടകളില്‍ 40 രൂപ തന്നെ ഉയര്‍ന്നെങ്കിലും വില 7,590 രൂപ.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനു അയവുവന്നാല്‍ സ്വര്‍ണവില താഴാനുള്ള വഴിയൊരുങ്ങും. മറ്റൊന്ന്, ലാഭമെടുപ്പ് ഉണ്ടാവുന്നതും വിലയെ താഴേക്ക് നയിക്കും.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 74,000 രൂപയാണെങ്കിലും ഇതോടൊപ്പം 3% ജിഎസ്ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസ് , പണിക്കൂലി (335%) എന്നിവയും ചേരുമ്പോഴേ ആഭരണ വിലയാകൂ. ഇവ എല്ലാം ചേര്‍ത്ത് 80,000 രൂപ വരെ ചെലവ് വരുമെന്നാണ് കരുതുന്നത്. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ പവന് 72000 രൂപ വരെ കിട്ടിയേക്കും. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ ജ്വല്ലറികള്‍ പഴയ സ്വര്‍ണത്തിന് വില നിശ്ചയിക്കുക. തങ്കം വില കൂടുന്നത് പഴയ സ്വര്‍ണത്തിന്റെ വിലയും കൂട്ടും.