സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 70,000 രൂപയ്ക്ക് മുകളില്‍
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നാണ് ഇപ്പോള്‍ വില കൂടിക്കൊണ്ടിരിക്കുന്നത്.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 70,000 രൂപയ്ക്ക് മുകളില്‍. സ്വര്‍ണം ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 8,755 രൂപയായി. പവന് 280 രൂപ വര്‍ധിച്ച് 70,040 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച ഗ്രാമിന് 8,720 രൂപയും പവന് 69,760 രൂപയിലുമാണ് വ്യാപാരം നടന്നത്. വരും ദിവസങ്ങളിലും വില മുന്നേറ്റത്തിനാണ് സാധ്യത. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നാണ് ഇപ്പോള്‍ വില കൂടിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചയില്‍ സ്വര്‍ണവില കുറഞ്ഞ് 68,880 രൂപ വരെ എത്തിയിരുന്നു. ഇനിയും കുറയുമെന്ന് കരുതി കാത്തിരുന്നവര്‍ക്ക് തിരിച്ചടി നല്‍കി വീണ്ടും വില കൂടുന്ന കാഴ്ചയാണ് കണ്ടത്. ഈ ആഴ്ച തുടക്കത്തില്‍ തന്നെ വില കൂടുന്ന സ്ഥിതിയാണുള്ളത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്ക് 73040 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 68880 രൂപയുമാണ്.
18 കാരറ്റ് സ്വര്‍ണവിലയിലും വര്‍ധനവുണ്ട്. ചില കടകളില്‍ 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 7,210 രൂപയായപ്പോള്‍ മറ്റു ചില കടകളില്‍ 25 രൂപ ഉയര്‍ന്ന് 7,175 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വില നിര്‍ണയത്തില്‍ അസോസിയേഷനുകള്‍ക്കിടയിലെ ഭിന്നതയാണ് വില വ്യത്യാസപ്പെട്ടിരിക്കാന്‍ കാരണം. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമില്ല. എങ്കിലും ചില കടകള്‍ ഗ്രാമിന് 108 രൂപയും മറ്റു ചില കടകള്‍ 107 രൂപയുമാണ് ഈടാക്കുന്നത്.
ഔണ്‍സിന് 3,184 ഡോളറായിരുന്ന രാജ്യാന്തരവില 3,249 ഡോളറിലേക്കാണ് ഉയര്‍ന്നത്. നിലവില്‍ വില 3,214 ഡോളറിലേക്ക് താഴ്ന്നത് കേരളത്തില്‍ വില വര്‍ധനയുടെ ആക്കംകുറച്ചു. പുറമെ, ഡോളറിനെതിരെ ഇന്ത്യന്‍ റുപ്പിയുടെ മൂല്യം ഇന്ന് വ്യാപാരത്തുടക്കത്തില്‍ 8 പൈസ ഉയര്‍ന്ന് 85.44ല്‍ എത്തിയതും കേരളത്തില്‍ സ്വര്‍ണത്തിന്റെ വന്‍ വില വര്‍ധനയ്ക്ക് തടയിട്ടു.
ഒരിടവേളയ്ക്ക് ശേഷം ട്രംപ് വീണ്ടും ചുങ്കം ആയുധമാക്കുന്നതും സ്വര്‍ണത്തിനാണ് ഗുണം ചെയ്യുന്നത്. അമേരിക്കയുമായി മെച്ചപ്പെട്ട വ്യാപാര ചര്‍ച്ചയ്ക്ക് തയാറാകാത്ത രാജ്യങ്ങള്‍ക്കുമേല്‍ മുന്‍പ് പ്രഖ്യാപിച്ചതും നിലവില്‍ തല്‍കാലത്തേക്ക് മരവിപ്പിച്ചതുമായ ചുങ്കം പുനഃസ്ഥാപിക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കുമേല്‍ വീണ്ടും കരിനിഴല്‍ വീഴ്ത്തുന്നത് സ്വര്‍ണത്തിന് പിന്നെയും 'സുരക്ഷിത നിക്ഷേപം' എന്ന പെരുമ നല്‍കുകയാണ്.
ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയും ചേര്‍ത്താല്‍ 75,801 രൂപയെങ്കിലും നല്‍കണം. പണിക്കൂലിയുടെ വ്യത്യാസത്തില്‍ വിലയില്‍ മാറ്റമുണ്ടാകും.