സ്വര്‍ണവില പിന്നെയും കൂടി; പവന് 69,760 രൂപ
വില വീണ്ടും കുറയും എന്ന് കരുതി കാത്തിരുന്നവര്‍ക്ക് തിരിച്ചടി നല്‍കിയാണ് ഈ കുതിപ്പ്.

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞദിവസം സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വില വീണ്ടും കുറയും എന്ന് കരുതി കാത്തിരുന്നവര്‍ക്ക് തിരിച്ചടി നല്‍കിയാണ് ഈ കുതിപ്പ്. എന്നാല്‍ സ്വര്‍ണം വാങ്ങാന്‍ മുന്‍കൂട്ടി ബുക്കിംങ് നടത്തിയവര്‍ക്ക് ഈ വര്‍ധന ബാധകമാകുന്നില്ല.
സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 110 രൂപ വര്‍ധിച്ച് വില 8,720 രൂപയും പവന് 880 രൂപ ഉയര്‍ന്ന് 69,760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞദിവസം ഗ്രാമിന് 195 രൂപയും പവന് 1,560 രൂപയും കുറഞ്ഞിരുന്നു. ഇതോടെ 68,880 രൂപയിലെത്തിയിരുന്നു സ്വര്‍ണവില.
കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ വര്‍ധിച്ച് ഗ്രാമിന് 7,150 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. എന്നാല്‍ വെള്ളി വിലകുറഞ്ഞിട്ടുണ്ട്. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 107 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ചൈന, യുകെ, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള താരിഫ് (ഇറക്കുമതിച്ചുങ്കം) തര്‍ക്കത്തിന് ചര്‍ച്ചയിലൂടെയും വ്യാപാര കരാറിലൂടെയും പരിഹാരം കാണാനുള്ള ഡോണള്‍ഡ് ട്രംപിന്റെ നീക്കങ്ങളെ തുടര്‍ന്ന് കഴിഞ്ഞദിവസം ഔണ്‍സിന് ഒരു മാസത്തെ താഴ്ചയായ 3,149.18 ഡോളറിലേക്ക് ഇടിഞ്ഞ രാജ്യാന്തര സ്വര്‍ണവില, വെള്ളിയാഴ്ച 3,251 ഡോളറിലേക്കുവരെ തിരിച്ചുകയറി. നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത് 3,210 ഡോളറില്‍.
രാജ്യാന്തര വില 3,251 ഡോളര്‍ നിലവാരത്തില്‍ നിന്ന് 3,210 ഡോളര്‍ നിലവാരത്തിലേക്ക് നേട്ടം നിജപ്പെടുത്തിയതും ഡോളറിനെതിരെ രൂപ ഇന്ന് 25 പൈസ ഉയര്‍ന്ന് 85.30ല്‍ വ്യാപാരം തുടങ്ങിയതും കേരളത്തില്‍ സ്വര്‍ണവില വര്‍ധനയുടെ ആക്കം കുറച്ചിട്ടുണ്ട്. അല്ലായിരുന്നെങ്കില്‍ വില ഇന്ന് ഇതിലും കൂടുമായിരുന്നു.
ഇന്ന് ഒരുപവന്‍ സ്വര്‍ണം വാങ്ങുമ്പോള്‍ 69760 രൂപയ്‌ക്കൊപ്പം 5 ശതമാനം പണിക്കൂലി, സ്വര്‍ണത്തിലും പണിക്കൂലിക്കും 3 ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 75,499 രൂപയെങ്കിലുമാകും. ഡിസൈന്‍, മോഡല്‍, എന്നിവ അനുസരിച്ച് പണിക്കൂലിയിലും വിലയിലും മാറ്റം വരാം.