ഉപഭോക്താക്കളില്‍ ആശങ്ക ഉയര്‍ത്തി സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 400 രൂപ കൂടി

മെയ് മാസം ആരംഭം മുതല്‍ വിലയില്‍ കുറവ് രേഖപ്പെടുത്തിയത് പ്രതീക്ഷയോടെയാണ് ഉപഭോക്താക്കള്‍ കണ്ടത്.

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ധനവ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. ബുധനാഴ്ച ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 9,075 രൂപയിലും പവന് 400 രൂപ വര്‍ധിച്ച് 72,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇത് ഈ മാസത്തെ ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞദിവസം ഗ്രാമിന് ഒറ്റയടിക്ക് 250 രൂപയും പവന് 2,000 രൂപയും കൂടി 72200 രൂപയിലാണ് വ്യാപാരം നടന്നത്.

മെയ് മാസം ആരംഭം മുതല്‍ വിലയില്‍ കുറവ് രേഖപ്പെടുത്തിയത് പ്രതീക്ഷയോടെയാണ് ഉപഭോക്താക്കള്‍ കണ്ടത്. എന്നാല്‍ വില മാറ്റമില്ലാതെ തുടര്‍ന്ന ശേഷം കുത്തനെ ഉയര്‍ന്നത് ആഭരണപ്രേമികള്‍ക്കും സ്വര്‍ണം വാങ്ങുന്നവര്‍ക്കും വലിയ തിരിച്ചടിയായി. കഴിഞ്ഞ മാസം 12 നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്.

18 കാരറ്റ് സ്വര്‍ണവിലയും ഇന്നു ഗ്രാമിന് ചില കടകളില്‍ 35 രൂപ വര്‍ധിച്ച് 7,495 രൂപയായി. മറ്റു ചില കടകളില്‍ വ്യാപാരം ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 7,455 രൂപ. വെള്ളിക്ക് മാറ്റമില്ലാതെ ഗ്രാമിന് 108 രൂപയിലും വ്യാപാരം പുരോഗമിക്കുന്നു.

പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണം വരുംദിവസങ്ങളില്‍ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് പോയാല്‍ സ്വര്‍ണവില വീണ്ടും കുതിക്കുമെന്നാണ് വ്യാപാര വിദഗ്ധരുടെ വിലയിരുത്തല്‍. അടുത്തിടെ പശ്ചിമേഷ്യന്‍ സംഘര്‍ഷം നടന്നപ്പോള്‍ സ്വര്‍ണവില വന്‍തോതില്‍ ഉയര്‍ന്നിരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സ്വര്‍ണത്തില്‍ പെട്ടെന്ന് പ്രതിഫലിക്കും.

ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 72, 600 രൂപയാണെങ്കിലും ആഭരണം വാങ്ങുമ്പോള്‍ കൂടുതല്‍ പണം നല്‍കേണ്ടതായി വരും. 72, 600 രൂപയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും 3 ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് , 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 78,570 രൂപയെങ്കിലും നല്‍കേണ്ടതായി വരും. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും സ്വര്‍ണവിലയിലും വ്യത്യാസം ഉണ്ടാകും.

Related Articles
Next Story
Share it