ഒരിടവേളയ്ക്കുശേഷം കുതിപ്പുമായി വീണ്ടും സ്വര്‍ണം; പവന് 70,200 രൂപ

കഴിഞ്ഞ രണ്ട് ദിവസം മാറ്റമില്ലാതെ നിന്ന ശേഷമാണ് ഇന്ന് കേരളത്തില്‍ വില ഉയര്‍ന്നിരിക്കുന്നത്.

ഒരിടവേളയ്ക്കുശേഷം കുതിപ്പുമായി വീണ്ടും സ്വര്‍ണം. സംസ്ഥാനത്ത് തിങ്കളാഴ്ച ഗ്രാമിന് 20 രൂപ വര്‍ധിച്ച് വില 8,775 രൂപയും പവന് 160 രൂപ ഉയര്‍ന്ന് 70,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇത് ഈ മാസത്തെ ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞ രണ്ട് ദിവസം മാറ്റമില്ലാതെ നിന്ന ശേഷമാണ് ഇന്ന് കേരളത്തില്‍ വില ഉയര്‍ന്നിരിക്കുന്നത്.

വീണ്ടും സ്വര്‍ണ വില കുതിച്ചതോടെ നിക്ഷേപകര്‍ക്ക് ആവേശമായി. എന്നാല്‍ സാധാരണക്കാര്‍ക്കും വിവാഹത്തിനായി സ്വര്‍ണം വാങ്ങുന്നവര്‍ക്കും ഈ വിലക്കയറ്റം തിരിച്ചടിയായി. വരും ദിവസങ്ങളിലും രാജ്യാന്തര വില കുതിച്ചാല്‍ കേരളത്തിലും വില ക്രമാതീതമായി വര്‍ദ്ധിക്കും. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന പെരുമ സ്വര്‍ണത്തിന് വീണ്ടും എത്തും. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്നത്തെ വിലയില്‍ തന്നെ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നത് നല്ലതാണ്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ വില ഇനിയും ഉയരും.

18 കാരറ്റ് സ്വര്‍ണവിലയിലും വര്‍ധനവുണ്ട്. ചില അസോസിയേഷന് കീഴിലെ കടകളില്‍ വില ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 7,250 രൂപയില്‍ വ്യാപാരം നടക്കുമ്പോള്‍, ചില അസോസിയേഷന് കീഴിലെ കടകളില്‍ ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,200 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

വെള്ളിക്കും കേരളത്തില്‍ വ്യത്യസ്ത വിലയാണുള്ളത്. ചില കടകളില്‍ ഗ്രാമിന് മാറ്റമില്ലാതെ 106 രൂപയില്‍ വ്യാപാരം നടക്കുമ്പോള്‍ മറ്റ് ചില കടകളില്‍ ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് 107 രൂപയാണ് വില.

രാജ്യാന്തര വിലയിലെ വര്‍ധനയാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. രാജ്യാന്തരവില ഔണ്‍സിന് 14 ഡോളര്‍ ഉയര്‍ന്ന് ഇന്ന് 3,255 രൂപയിലെത്തി. അതേസമയം, ഡോളറിനെതിരെ രൂപ കൂടുതല്‍ കരുത്തു നേടുന്നുണ്ട്. ഇന്നും രാവിലെ രൂപ വ്യാപാരം തുടങ്ങിയത് 19 പൈസ ഉയര്‍ന്ന് 83.38ല്‍.

ഇന്നത്തെ വിലയുടെ കൂടെ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് (53.10 രൂപ) എന്നിവ ഈടാക്കിയാല്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഏകദേശം 75,974 രൂപ നല്‍കണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,543 രൂപ കൊടുക്കേണ്ടി വരും. പണിക്കൂലി വര്‍ദ്ധിക്കുന്നതാണ് സ്വര്‍ണാഭരണ വിലയിലെ ഈ മാറ്റങ്ങള്‍ക്കു കാരണം. വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയര്‍ന്നാല്‍ അത് ആഭരണ വിലയിലും പ്രതിഫലിക്കും.

Related Articles
Next Story
Share it