അക്ഷയ തൃതീയക്ക് സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവരെ നിരാശരാക്കി കുതിപ്പുമായി സ്വര്‍ണം; പവന് 71,840 രൂപ
രാജ്യാന്തര വിലയിലുണ്ടായ തിരിച്ചുകയറ്റമാണ് കേരളത്തിലെ വിലയെയും ഉയര്‍ത്തിയത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേരളത്തിലെ സ്വര്‍ണവില സ്വര്‍ണം വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം ആശ്വാസമായിരുന്നു. കഴിഞ്ഞദിവസം സ്വര്‍ണവില കുറയുകയും ചെയ്തു. 74320 രൂപ വരെ പവന്‍ വില ഉയര്‍ന്ന ശേഷമായിരുന്നു ഇടിഞ്ഞത്.
അക്ഷയ തൃതീയ അടുത്തിരിക്കുന്ന ദിവസമായതുകൊണ്ടുതന്നെ സ്വര്‍ണവിലയിലെ കുറവ് വ്യാപാരികളേയും ഉപഭോക്താക്കളേയും ഒരുപോലെ ആശ്വസിപ്പിച്ചു. കാരണം അടുത്തിടെ ഒന്നും സ്വര്‍ണവില കൂടില്ലെന്നായിരുന്നു വ്യാപാര വിദഗ്ധര്‍ അടക്കം കണക്കു കൂട്ടിയിരുന്നത്. എന്നാല്‍ അതെല്ലാം തകിടം മറിയുന്നതാണ് ഇന്നത്തെ വര്‍ധനവോടെ കണ്ടത്.
ബുധനാഴ്ചയാണ് അക്ഷയ തൃതീയ. ഒറ്റദിവസം മാത്രം ബാക്കിനില്‍ക്കേ ആണ് ആഭരണപ്രിയരെ നിരാശപ്പെടുത്തി സ്വര്‍ണവില വീണ്ടും കുതിച്ചത്. സംസ്ഥാനത്ത് ചൊവ്വാഴ് ച ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് വില 8,980 രൂപയും പവന് 320 രൂപ ഉയര്‍ന്ന് 71,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞദിവസം സംസ്ഥാനത്ത് ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കുറഞ്ഞിരുന്നു. ഏറെ ദിവസത്തിനുശേഷമായിരുന്നു ഗ്രാം വില 9,000 രൂപയ്ക്കും പവന്‍വില 72,000 രൂപയ്ക്കും താഴെ എത്തിയതും.
രാജ്യാന്തര വിലയിലുണ്ടായ തിരിച്ചുകയറ്റമാണ് കേരളത്തിലെ വിലയെയും ഉയര്‍ത്തിയത്. ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ റുപ്പി 5 പൈസയുടെ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത് എന്നതും സ്വര്‍ണവിലയിലെ വര്‍ധനവിന് കാരണമായി. രാജ്യാന്തര വില കുറഞ്ഞുനിന്നതിനെ തുടര്‍ന്ന് വാങ്ങല്‍ താല്‍പര്യം മെച്ചപ്പെട്ടതും ഇന്നു വില കൂടാന്‍ കളമൊരുക്കി.
അമേരിക്കന്‍ കറന്‍സിയായ ഡോളര്‍ കരുത്ത് കുറഞ്ഞുവരികയാണ്. ഡോളര്‍ നിക്ഷേപം നഷ്ടമുള്ള കാര്യമായി മാറുന്നത് സമ്പന്നരില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഡോളര്‍ വിട്ട് സ്വര്‍ണം സംഭരിക്കുന്ന രീതിയിലേക്ക് എല്ലാ രാജ്യങ്ങളും നിക്ഷേപകരും മാറുന്നതാണ് സ്വര്‍ണവില മുന്നേറാന്‍ കാരണം. ചൈനയും ഇന്ത്യയും തുര്‍ക്കിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വര്‍ണം വലിയ തോതില്‍ ശേഖരിക്കുന്നുണ്ട്.
18 കാരറ്റ് സ്വര്‍ണവിലയിലും സംസ്ഥാനത്ത് വര്‍ധനയുണ്ട്. ചില കടകളില്‍ വില ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 7,435 രൂപ. മറ്റു ചില കടകളില്‍ വ്യാപാരം ഗ്രാമിന് 35 രൂപ വര്‍ധിച്ച് 7,395 രൂപയില്‍. വെള്ളി വില ഗ്രാമിന് 109 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.
അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങാനായി നേരത്തെ ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തിയവരെ ഈ വിലവര്‍ധന ബാധിക്കില്ലെന്ന പ്രത്യേകതയുണ്ട്. ബുക്ക് ചെയ്ത ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത് കുറഞ്ഞവിലയ്ക്ക് സ്വര്‍ണാഭരണം സ്വന്തമാക്കാമെന്നതാണ് നേട്ടം.
3% ജി എസ് ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസ്, പണിക്കൂലി എന്നിവയും കൂടി നല്‍കിയാലേ കേരളത്തില്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് 3 മുതല്‍ 35 ശതമാനം വരെയൊക്കെയാകാം. ഇന്നു നിങ്ങള്‍ സ്വര്‍ണാഭരണം വാങ്ങുന്നത് 5% പണിക്കൂലി പ്രകാരമാണെങ്കില്‍ ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ട വില 77,750 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 9,719 രൂപയും.