72,000 രൂപയും കടന്ന് ചരിത്രം കുറിച്ച് സ്വര്‍ണ വില; കൂടിയത് 760 രൂപ

രാജ്യാന്തര വില മുന്നേറ്റം തുടരുന്നതാണ് വില വര്‍ധിപ്പിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം കുറിച്ച് വീണ്ടും സ്വര്‍ണവില. തിങ്കളാഴ്ച പവന് 760 രൂപ വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡിലാണ് സംസ്ഥാനത്തെ സ്വര്‍ണവില. സ്വര്‍ണവില ആദ്യമായി 72,000 കടന്നു. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 9,015 രൂപയിലെത്തി. ആദ്യമായാണ് ഒരു ഗ്രാമിന് 9,000 രൂപ കടക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 72,120 രൂപയായി. രാജ്യാന്തര വില മുന്നേറ്റം തുടരുന്നതാണ് വില വര്‍ധിപ്പിക്കുന്നത്.

ശനിയാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. വെള്ളിയാഴ്ച രേഖപ്പെടുത്തിയ ഗ്രാമിന് 8,945 രൂപയിലും പവന് 71,560 രൂപയിലായിരുന്നു വ്യാപാരം നടന്നത്.

തിങ്കളാഴ്ച അന്താരാഷ്ട്ര സ്വര്‍ണ്ണവില 3,284 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 85.22 ലുമാണ്. 24 കാരറ്റ് സ്വര്‍ണ്ണവില കിലോഗ്രാമിന് ബാങ്ക് നിരക്ക് 1 കോടി രൂപ ആയിട്ടുണ്ട്. നിലവില്‍ ഇതുവരെ അന്താരാഷ്ട്ര സംഘര്‍ഷങ്ങളിലും, താരിഫ് തര്‍ക്കങ്ങളിലും അയവു വന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണ്ണവില കുറയാനുള്ള സാഹചര്യം ഇല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഡോളര്‍ ഇടിയുന്നത് ആഭ്യന്തര വിപണിയില്‍ ചെറിയ രീതിയില്‍ നേട്ടമാകുന്നുണ്ട്. രാവിലെ ഡോളറിനെതിരെ 27 പൈസ നേട്ടത്തിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. ഇതോടെ രാജ്യാന്തര വിപണിയിലെ വലിയ വില വര്‍ധനവില്‍ നിന്നും രക്ഷപ്പെടാന്‍ സ്വര്‍ണത്തിനായി. ഈ വര്‍ഷം ഇതുവരെ 27 ശതമാനമാണ് സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവ്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തില്‍ മുതലിറക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. ഏപ്രില്‍ 30ന് എത്തുന്ന അക്ഷയതൃതീയ, ആഘോഷങ്ങളോടൊപ്പം വിവാഹ സീസണുകള്‍ വരുന്നതിനാല്‍ സ്വര്‍ണ്ണവില വര്‍ദ്ധിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെങ്കിലും, ജനങ്ങളുടെ വാങ്ങല്‍ ശക്തി കുറഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 9015 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7410 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.

Related Articles
Next Story
Share it