കുതിച്ചുകയറ്റം തുടര്‍ന്ന് സ്വര്‍ണം; കൂടിയത് 840 രൂപ; പവന് 71,360

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില റെക്കോര്‍ഡിലെത്തുന്നത്.

സാധാരണക്കാരേയും വിവാഹം പോലുള്ള വിശേഷാവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവരേയും നിരാശരാക്കി കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം. സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില റെക്കോര്‍ഡിലെത്തുന്നത്. കേരളത്തില്‍ ഗ്രാമിന് ഒറ്റയടിക്ക് 105 രൂപയും പവന് 840 രൂപയും കൂടി പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്. പവന്‍വില ചരിത്രത്തിലാദ്യമായി 71,360 രൂപയിലെത്തി.

വ്യാഴാഴ്ച ഗ്രാമിന് 8,920 രൂപയിലും പവന് 71,360 രൂപയിലുമാണ് കേരളത്തില്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞദിവസം ഗ്രാമിന് 8,815 രൂപയും പവന് 70,520 രൂപയും ആയിരുന്നു വില. കഴിഞ്ഞ 10 ദിവസത്തിനിടെ പവന് 5,560 രൂപ കൂടി. ഗ്രാമിന് 695 രൂപയും. പണിക്കൂലിയും നികുതിയും ഹോള്‍മാര്‍ക്ക് ഫീസും ചേരുമ്പോള്‍ വില വര്‍ധനയുടെ ഭാരം ഇതിലും കൂടുതലാകും.

സംസ്ഥാനത്തെ സ്വര്‍ണ്ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില നിര്‍ണയത്തിലുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുണ്ട്. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗം 18 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 90 രൂപ കൂട്ടി ഒരു ഗ്രാം വില 7350 രൂപയും പവന് 720 കൂട്ടി 58800 രൂപയുമാക്കി.

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗവും 18 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 90 രൂപയാണ് കൂട്ടിയത്. ഈ വിഭാഗത്തിന്റെ വില അനുസരിച്ച് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 7390 രൂപയും പവന് 720 കൂട്ടി 59120 രൂപയുമാണ്.

വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപ എന്ന നിരക്കില്‍ വ്യാപാരം പുരോഗമിക്കുന്നു.

രാജ്യാന്തരവില ചരിത്രത്തില്‍ ആദ്യമായി 3,350 ഡോളര്‍ മറിടകന്നു. ഔണ്‍സിന് കഴിഞ്ഞദിവസം കുറിച്ച 3,281 ഡോളര്‍ എന്ന റെക്കോര്‍ഡ് തിരുത്തി വില 3,355.20 ഡോളര്‍ വരെയെത്തി. 3,300 ഡോളര്‍ മറികടന്നതും ചരിത്രത്തിലാദ്യം. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തികളായ യുഎസും ചൈനയും തമ്മിലെ വ്യാപാരയുദ്ധം അനുദിനം വഷളാകുന്നതാണ് സ്വര്‍ണത്തിന് കരുത്താവുന്നത്.

സ്വര്‍ണം ആഭരണമായി വാങ്ങുമ്പോള്‍ 3% ജി.എസ്.ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജ് എന്നിവയ്ക്ക് പുറമെ പണിക്കൂലിയും നല്‍കണം. ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് പണിക്കൂലി മുന്നു മുതല്‍ 35 ശതമാനം വരെയൊക്കെയാകാം. വ്യാഴാഴ്ച 5% പണിക്കൂലി പ്രകാരം ഒരു പവന്‍ ആഭരണം വാങ്ങിക്കുന്നുവെങ്കില്‍ മിനിമം 77,230 രൂപയെങ്കിലും നല്‍കണം. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 9,654 രൂപയും.

Related Articles
Next Story
Share it