സ്വര്‍ണവില എക്കാലത്തേയും റെക്കോര്‍ഡ് ഉയരത്തില്‍; ഒറ്റയടിക്ക് കൂടിയത് 2,840; പവന് 97,360 രൂപ

ഗ്രാം വില ആദ്യമായി 12000 കടന്നു

സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പറ്റാത്തത്രയും ഉയരത്തിലെത്തി സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണം എടുക്കണമെങ്കില്‍ പോലും ഒരു ലക്ഷത്തിലധികം രൂപ നല്‍കേണ്ട അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. വിവാഹം പോലുള്ള ആവശ്യത്തിന് സ്വര്‍ണമെടുക്കുന്നവരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് കേരളത്തില്‍ പവന് ഒറ്റയടിക്ക് 2,840 രൂപ വര്‍ധിച്ച് 97,360 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒറ്റയടിക്ക് ഇത്രയും വില കൂടുന്നത് ഇത് ആദ്യമാണെന്ന് വ്യാപാരികള്‍ പറയുന്നു.

ഗ്രാമിന് 355 രൂപ ഉയര്‍ന്ന് വില 12,170 രൂപയിലുമെത്തി. ഗ്രാം വില 12,000 കടന്നതും ആദ്യമാണ്. ഇന്നലെ ഗ്രാമിന് 11825 രൂപയായിരുന്നു വില. പവന് 94520 രൂപയും. സ്വര്‍ണം വാങ്ങുമ്പോള്‍ 3% ജിഎസ്ടിയും 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസും 3 മുതല്‍ 35% വരെയൊക്കെയുള്ള പണിക്കൂലിയും കൂടിച്ചേരുമ്പോള്‍ ഒരു പവന്‍ ആഭരണത്തിന് ഇന്നത്തെ വില പ്രകാരം 103000-104000 രൂപ കൊടുക്കേണ്ടി വരും. കേരളത്തില്‍ ഇന്ന് വെള്ളിവില മാറിയിട്ടില്ല. ചില ജ്വല്ലറികളില്‍ ഗ്രാമിന് 196 രൂപയാണ്. മറ്റു ജ്വല്ലറികളില്‍ 200 രൂപയിലും വ്യാപാരം നടക്കുന്നു.

രാജ്യാന്തരവില 4,378 ഡോളറില്‍ നിന്ന് 4,358 ഡോളറിലേക്ക് ഇറങ്ങിയില്ലായിരുന്നെങ്കില്‍ കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഇതിലും കൂടുമായിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത, വീണ്ടും കലുഷിതമായ യുഎസ്-ചൈന വ്യാപാരയുദ്ധം, യുഎസില്‍ റീജണല്‍ ബാങ്കുകള്‍ നേരിടുന്ന കിട്ടാക്കട പ്രതിസന്ധി, മറ്റ് സുപ്രധാന കറന്‍സികള്‍ക്കെതിരായ ഡോളറിന്റെ വീഴ്ച എന്നിവ മുതലെടുത്താണ് സ്വര്‍ണത്തിന്റെ മുന്നേറ്റം.

ഓഹരി, കടപ്പത്ര വിപണികളും തളര്‍ച്ചയുടെ പാതയിലായതോടെ ഗോള്‍ഡ് ഇടിഎഫ് പോലുള്ള സ്വര്‍ണനിക്ഷേപ പദ്ധതികളിലേക്ക് നിക്ഷേപം കൂട്ടത്തോടെ മാറ്റുകയാണ് നിക്ഷേപകര്‍. ഇന്ത്യയുടെ റിസര്‍വ് ബാങ്ക് ഉള്‍പ്പെടെ ലോകത്തെ പ്രധാന കേന്ദ്ര ബാങ്കുകള്‍ കരുതല്‍ ശേഖരത്തിലേക്ക് വന്‍തോതില്‍ കറന്‍സികള്‍ക്ക് പകരം സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വിലക്കുതിപ്പിന് വഴിവയ്ക്കുന്നു.

Related Articles
Next Story
Share it