വീണ്ടും തിരിച്ചുകയറി സ്വര്‍ണം; പവന് 84,240
ഒരു ഗ്രാം സ്വര്‍ണത്തിന് 10,530 രൂപയാണ് വില

സംസ്ഥാനത്ത് രണ്ടുദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണവില വീണ്ടും കൂടി. രണ്ടു ദിവസത്തിനിടെ 920 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയശേഷമാണ് ആഭരണ പ്രേമികളേയും സാധാരണക്കാരേയും പരുങ്ങലിലാക്കി വീണ്ടും സ്വര്‍ണവില വര്‍ധിച്ചത്. വെള്ളിയാഴ്ച പവന് 320 രൂപയാണ് വര്‍ധിച്ചത്. 84,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് വര്‍ധിച്ചത്. 10,530 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞദിവസം 83920 രൂപയായിരുന്നു സ്വര്‍ണ വില.
ഡോളര്‍ ശക്തി പ്രാപിച്ചതോടെ ആഗോള ബുള്ളിയന്‍ വിലയില്‍ സ്വര്‍ണത്തിന് തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഉത്സവകാല ഡിമാന്‍ഡ് ഈ ഇടിവിനെ നിയന്ത്രിച്ചതാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധിക്കാന്‍ കാരണമായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് ഇപ്പോഴും വില ഉയര്‍ന്ന് നില്‍ക്കാന്‍ പ്രധാന കാരണം.
സെപ്റ്റംബറില്‍ മാത്രം സ്വര്‍ണത്തിന് വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ ഒന്നിന് പവന് 77,640 രൂപ ആയിരുന്ന സ്വര്‍ണ്ണ വില സെപ്തംബര്‍ 9 നാണ് ആദ്യമായി 80000 പിന്നിട്ടത്. അതിന് ശേഷം താഴേക്ക് പോയിട്ടില്ല. സെപ്റ്റംബര്‍ 23 ന് 85,120 രൂപയായി (ഗ്രാമിന് 10,500 രൂപ) ഉയര്‍ന്നു. ഇക്കാലയളവില്‍ മാത്രം പവന് 7,480 രൂപയും ഗ്രാമിന് 935 രൂപയും വര്‍ധിച്ചു.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 8655 രൂപയാണ്. ഒരു ഗ്രാം 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 6735 രൂപയാണ്. ഒരു ഗ്രാം 9 കാരറ്റ് സ്വര്‍ണത്തിന്റെ വില 4345 രൂപയാണ്. വെള്ളിയുടെ വിലയും റെക്കോര്‍ഡിലാണ്. ഇന്നത്തെ വിപണിവില 144 രൂപയാണ്. ചരിത്രത്തില്‍ ആദ്യമായാണ് വെള്ളിവില 144 ലേക്കെത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസായി ഇതേ വിലയില്‍ തുടരുകയാണ് വെള്ളി. വരും ദിവസങ്ങളില്‍ വെള്ളിയുടെ വില ഇനിയും ഉയരും എന്നാണ് വിപണിയില്‍ നിന്നുള്ള സൂചന.
ഇന്ത്യയില്‍ സ്വര്‍ണത്തിന് ഏറ്റവും കൂടുതല്‍ വില്‍പന നടക്കുന്നത് ഉത്സവസീസണിലാണ്. രാജ്യത്ത് ദീപാവലി, ദസറ, നവരാത്രി തുടങ്ങിയ ഉത്സവസീസണ്‍ ആരംഭിച്ച് കഴിഞ്ഞു. വിവാഹ സീസണിനും തുടക്കമായിട്ടുണ്ട്. ഈ സമയങ്ങളിലെല്ലാം ആഭരണമായിട്ടാണ് ആളുകള്‍ സ്വര്‍ണം വാങ്ങിക്കുന്നത്. ആഭരണമായിട്ട് സ്വര്‍ണം വാങ്ങുന്നത് ചെലവ് വര്‍ധിപ്പിക്കുന്ന കാര്യമാണ്. കാരണം ഈ സമയത്ത് സ്വര്‍ണത്തിന്റെ വിലയുടെ നിശ്ചിത ശതമാനം തുക പണിക്കൂലിയായിട്ട് കൊടുക്കേണ്ടി വരും. ഇതിന് പുറമെ ഹാള്‍മാര്‍ക്ക് നിരക്ക്, ജിഎസ്ടി എന്നിവയും ചേരും. ഇതെല്ലാം വെച്ച് നോക്കുമ്പോള്‍ ഒരു പവന്‍ ആഭരണത്തിന് ഇന്നത്തെ വില 90000-92000 രൂപ വരും
കഴിഞ്ഞ കുറച്ച് വര്‍ഷത്തില്‍ മുഴുവനായും സ്വര്‍ണ വില മുന്നോട്ട് കുതിച്ചുയരുന്നുണ്ടെങ്കിലും സമീപകാല റാലിക്ക് കാരണമായത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ അഴിച്ചുവിട്ട വ്യാപാര യുദ്ധമാണ്. 2025 മുതല്‍ സ്വര്‍ണം ക്രമാനുഗതമായി ഉയരുന്നതാണ് കാണുന്നത്. ജനുവരി 1 ന് പവന് 57,200 രൂപയായിരുന്നു. പിന്നീട് ഒരു തിരിച്ചുപോക്ക് ഉണ്ടായിട്ടില്ല.