ആഭരണം വാങ്ങുന്നവര്‍ക്ക് താല്‍ക്കാലിക ആശ്വാസം; സ്വര്‍ണത്തിന് 280 രൂപ കുറഞ്ഞു; പവന് 69,760

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍

റെക്കോര്‍ഡ് വില വര്‍ധനയ്ക്ക് ശേഷം സ്വര്‍ണാഭരണ പ്രേമികള്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവര്‍ക്കും സാധാരണ ജനങ്ങള്‍ക്കും താല്‍കാലിക ആശ്വാസമായി സ്വര്‍ണവിലയിലെ കുറവ്. വിഷു ദിനത്തില്‍ കുറഞ്ഞ സ്വര്‍ണത്തിന് തുടര്‍ച്ചയായ രണ്ടാം ദിവസവും വില കുറഞ്ഞു. കേരളത്തില്‍ സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 8,720 രൂപയായി.

പവന് 280 രൂപ കുറഞ്ഞ് 69,760 രൂപയിലാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. വിഷുദിനത്തില്‍ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് 70040 രൂപയിലായിരുന്നു വ്യാപാരം നടന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയിലെ (ഏപ്രില്‍ 12) ഗ്രാമിന് 8,770 രൂപയും പവന് 70,160 രൂപയാണ് കേരളത്തിലെ സര്‍വകാല റെക്കോര്‍ഡ്. എന്നാല്‍ താല്‍ക്കാലികമായാണ് ഈ കുറവെന്നും അടുത്തദിവസങ്ങളില്‍ തന്നെ കുതിച്ചുചാട്ടം കാണാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ വാങ്ങണമെന്നും ഇവര്‍ പറയുന്നു.

ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍ നയിക്കുന്ന സംഘടനയായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ) നിര്‍ണയപ്രകാരം ചൊവ്വാഴ്ച 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 25 രൂപ താഴ്ന്ന് 7,225 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 108 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

എസ്. അബ്ദുല്‍ നാസര്‍ വിഭാഗം എ.കെ.ജി.എസ്.എം.എ 18 കാരറ്റിന് നല്‍കിയ വില ഗ്രാമിന് 30 രൂപ കുറച്ച് 7,180 രൂപയാണ്. വെള്ളി വില ഗ്രാമിന് 107 രൂപയില്‍ മാറ്റമില്ലാതെ നില്‍ക്കുന്നു.

അമേരിക്കയില്‍ ട്രംപ് തീരുവ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ രാജ്യാന്തര തലത്തില്‍ തന്നെയുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

പ്രസിഡന്റ് ട്രംപിന്റെ താരിഫ് നയങ്ങളും മലക്കം മറിച്ചിലുകളും യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് വിശ്വസിക്കുന്ന കേന്ദ്രബാങ്ക് യുഎസ് ഫെഡറല്‍ റിസര്‍വ്, സാമ്പത്തികമേഖലയ്ക്കും ജനങ്ങള്‍ക്കും ആശ്വാസമേകാനായി അടിസ്ഥാന പലിശനിരക്ക് വീണ്ടും കുറച്ചേക്കാം. അങ്ങനെയെങ്കില്‍ സ്വര്‍ണവില ഇനിയും കൂടും.

മാത്രമല്ല, താരിഫ് പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ സ്വര്‍ണ അധിഷ്ഠിത എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് നിക്ഷേപം കുതിച്ചുയരുകയാണ്. ഇതും സ്വര്‍ണവിലയെ മുന്നോട്ടുനയിക്കുമെന്ന സൂചനയും ഇവര്‍ നല്‍കുന്നു. ഔണ്‍സിന് 3,203 ഡോളര്‍ വരെ താഴ്ന്നശേഷമാണ് ഈ അനുകൂല ഘടകങ്ങളുടെ കരുത്തില്‍ രാജ്യാന്തരവില ഇപ്പോള്‍ 3,221 ഡോളറിലേക്ക് കയറിയത്.

Related Articles
Next Story
Share it