സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ 1,440 രൂപയുടെ ഇടിവ്; പവന് 91,720 രൂപ

കഴിഞ്ഞ 2 ദിവസത്തിനിടെ മാത്രം പവന് 2,600 രൂപയാണ് കുറഞ്ഞത്

സംസ്ഥാനത്ത് അടുത്തിടെ സ്വര്‍ണവില മാറി മറിയുന്ന കാഴ്ചയാണ് കാണുന്നത്. റെക്കോര്‍ഡ് വില കുറിച്ച സ്വര്‍ണം പിന്നീട് താഴ്ന്നുവെങ്കിലും വീണ്ടും വര്‍ദ്ധിച്ചു. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. നവംബര്‍ അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നിന്ന സ്വര്‍ണവില പടിപടിയായി ഉയര്‍ന്ന് വ്യാഴാഴ്ച 94,320 രൂപയായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി.

വില ഇനിയും ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് കഴിഞ്ഞദിവസം മുതല്‍ വില കുറയാന്‍ തുടങ്ങിയത്. വെള്ളിയാഴ്ച രണ്ടു തവണയായി 1160 രൂപയാണ് കുറഞ്ഞത്. ഈ ഇടിവ് ഇന്നും തുടരുകയായിരുന്നു. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.

ഇപ്പോള്‍ സ്വര്‍ണ വില കുറഞ്ഞത് ആഭരണപ്രിയര്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും ആശ്വാസമാണ്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കുന്നതാണ് നല്ലത്. കാരണം ആഗോള വിപണിയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സ്വര്‍ണം എപ്പോള്‍ വേണമെങ്കിലും പുതിയ വിലയിലേക്ക് കുതിച്ചേക്കാം. വരുന്ന കുറച്ച് ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടമുണ്ടാകുകയും അതിന് ശേഷം വില കൂടുകയും ചെയ്യും എന്നാണ് വിപണിയില്‍ നിന്നുള്ള വിദഗ്ധര്‍ പറയുന്നത്.

ഇന്ന് കേരളത്തില്‍ ഗ്രാമിന് വില 180 രൂപ താഴ്ന്ന് 11,465 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതുപോലെ പവന്‍വില 1,440 രൂപ കുറഞ്ഞ് 91,720 രൂപയാണ് . ഇതോടെ കഴിഞ്ഞ 2 ദിവസത്തിനിടെ മാത്രം പവന് 2,600 രൂപയാണ് കുറഞ്ഞത്. നവംബര്‍ 13ന് 94,320 രൂപയിലായിരുന്നു വ്യാപാരം നടന്നത്.

18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 150 രൂപ താഴ്ന്ന് 9,470 രൂപയായി. വെള്ളിക്ക് ഗ്രാമിന് 5 രൂപ കുറഞ്ഞ് വില 170 രൂപയിലുമെത്തി. അതേസമയം, കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം, വെള്ളി എന്നിവയ്ക്ക് വ്യത്യസ്ത വിലയാണ് കഴിഞ്ഞ കുറേ മാസങ്ങളായുള്ളത്. മറ്റൊരു വിഭാഗം ജ്വല്ലറികള്‍ ഇന്ന് 18 കാരറ്റിന് നിശ്ചയിച്ച വില 150 രൂപ കുറച്ച് ഗ്രാമിന് 9,430 രൂപയാണ്. വെള്ളിക്ക് ഗ്രാമിന് 2 രൂപ കുറച്ച് 170 രൂപയും.

രാജ്യാന്തര വില കുറഞ്ഞതാണ് കേരളത്തിലും സ്വര്‍ണവില ഇടിയാന്‍ സഹായകമാകുന്നത്. കഴിഞ്ഞ ദിവസം ഔണ്‍സിന് 4,210 ഡോളര്‍ വരെ ഉയര്‍ന്ന വില ഇപ്പോഴുള്ളത് 4,080 ഡോളറില്‍. രാജ്യാന്തര വില ഇടിയാന്‍ 2 പ്രധാന കാരണങ്ങളുണ്ട്. ഒന്ന്, യുഎസില്‍ ട്രംപ് ഗവണ്‍മെന്റിന്റെ ഭരണസ്തംഭന പ്രതിസന്ധികള്‍ മായുന്നുവെന്ന് വ്യക്തമാക്കി ഷട്ട് ഡൗണിനുണ്ടായ പരിസമാപ്തി. രണ്ട്, യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഡിസംബറില്‍ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത മങ്ങി.

ആഗോളതലത്തില്‍ സാമ്പത്തിക പ്രതിസന്ധികളുണ്ടാകുന്ന ഘട്ടത്തിലാണ് സ്വര്‍ണവില പൊതുവേ 'സുരക്ഷിത നിക്ഷേപം' എന്ന പെരുമ സ്വന്തമാക്കി കൂടാറുള്ളത്. നിലവില്‍ പ്രതിസന്ധികള്‍ മായുന്നുവെന്ന വിലയിരുത്തല്‍മൂലം ആ പെരുമ നഷ്ടപ്പെട്ട് സ്വര്‍ണവില താഴ്ന്നിറങ്ങുകയാണ്. പലിശനിരക്കില്‍ മാറ്റമില്ലെങ്കില്‍ ഡോളറും ബോണ്ടും ശക്തമായതലത്തില്‍ തുടരും. അതായത്, നിക്ഷേപകര്‍ അവയിലേക്ക് ചായും. ഇതും സ്വര്‍ണത്തിന് തിരിച്ചടിയാണ്. ഡോളര്‍ ശക്തമാകുന്നത് സ്വര്‍ണം വാങ്ങല്‍ ബുദ്ധിമുട്ടേറിയതാക്കും. അതോടെ, ഡിമാന്‍ഡ് താഴുമെന്നതും സ്വര്‍ണത്തിന് തിരിച്ചടിയാകും. ഈ സാഹചര്യങ്ങളാണ് നിലവിലെ വിലയിറക്കത്തിന് പിന്നില്‍.

Related Articles
Next Story
Share it