സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; 2 ദിവസങ്ങളിലായി കുറഞ്ഞത് 4,080 രൂപ
വെള്ളി വിലയിലും ഇടിവ്

കഴിഞ്ഞദിവസങ്ങളില്‍ റെക്കോര്‍ഡ് വില രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുറഞ്ഞത് 4,080 രൂപ. സാധാരണക്കാരെ സംബന്ധിച്ചും വിവാഹത്തിന് സ്വര്‍ണം വാങ്ങുന്നവരെ സംബന്ധിച്ചും ഇന്ന് ആശ്വാസ ദിനമാണ്. സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് 2,480 രൂപ കുറഞ്ഞ് 93,280 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 97,360 രൂപയായിരുന്നു രേഖപ്പെടുത്തിയത്. പിന്നാലെ ഉച്ചയ്ക്കും ഇന്നു രാവിലെയുമായി പവന് 4,080 രൂപ കുറഞ്ഞു. സമീപകാല ചരിത്രത്തില്‍ ഇത്രയധികം വിലയിടിവ് ആദ്യമാണ്. 2013 ല്‍ ആണ് ഇതുപോലെ ഒരു ഇടിവ് രേഖപ്പെടുത്തിയത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.
ഗ്രാം വില ഇന്ന് 310 രൂപ കുറഞ്ഞ് 11,660 രൂപയായി. ഒരു ഗ്രം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 9590 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 7470 രൂപയാണ്. ഒരു ഗ്രാം 9 കാരറ്റ് സ്വര്‍ണത്തിന്റെ വില 4820 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. 5 രൂപയാണ് കുറഞ്ഞത്. ഇതോടെ വെള്ളിയുടെ വില 175 രൂപയായി.
വിവാഹം ഉള്‍പ്പെടെ അനിവാര്യ ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്‍കൂര്‍ ബുക്കിങ്ങിനും മറ്റും പ്രയോജനപ്പെടുത്താവുന്ന തലത്തിലേക്കാണ് ഇപ്പോള്‍ സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞത്. സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ 3% ജിഎസ്ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസ്, 3 മുതല്‍ 35% വരെയൊക്കെയാകാവുന്ന പണിക്കൂലി എന്നിവയും ബാധകമാണ്. ഇതനുസരിച്ച് ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒരു ലക്ഷത്തിന് മുകളില്‍ നല്‍കണം.
രാജ്യാന്തര സ്വര്‍ണവില 2013ന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന തകര്‍ച്ച നേരിട്ടതാണ് കേരളത്തിലും വില കൂപ്പുകുത്താന്‍ സഹായിച്ചത്. ഔണ്‍സിന് 4,381 ഡോളറായിരുന്ന രാജ്യാന്തരവില ഒറ്റയടിക്ക് താഴ്ന്നിറങ്ങിയത് 4,009.80 ഡോളറിലേക്ക്. ഇപ്പോള്‍ 4,130 ഡോളറിലേക്ക് അല്‍പം കയറി. ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ ഗ്രാമിന് 200 രൂപയും പവന് 2,000 രൂപയ്ക്കടുത്തും കൂടി ഇന്ന് കുറയേണ്ടതായിരുന്നു. മധ്യേഷ്യയില്‍ ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ ധാരണയും സ്വര്‍ണത്തിന് തിരിച്ചടിയായി.