സ്വര്‍ണവിലയില്‍ 1,400 രൂപയുടെ ഇടിവ്; പവന് 95,960 രൂപ

ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,995 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്

കഴിഞ്ഞ ദിവസം 97,000 രൂപ കടന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. പവന് ഇന്ന് 1,400 രൂപ താഴ്ന്ന് 95,960 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,995 രൂപയാണ്. 18 കാരറ്റ് സ്വര്‍ണവില ചില ജ്വല്ലറികളില്‍ ഗ്രാമിന് 145 രൂപ താഴ്ന്ന് 9,915 രൂപയിലെത്തി. കഴിഞ്ഞദിവസം ഒറ്റക്കുതിപ്പിന് 2,440 രൂപയാണ് കൂടിയത്.

പവന് ചരിത്രത്തില്‍ ആദ്യമായി 97630 രൂപയും രേഖപ്പെടുത്തി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 86560 രൂപയായിരുന്നു. പിന്നീടങ്ങോട്ട് ഒറ്റ കുതിപ്പായിരുന്നു. വിവാഹ സീസണും ഉത്സവ സീസണുമെല്ലാം അടുത്തിരിക്കെയാണ് സ്വര്‍ണവിലയിലെ ഈ റെക്കോര്‍ഡ് വര്‍ധനവ്. സാധാരണക്കാരെ സംബന്ധിച്ച് സ്വര്‍ണം ഒരു സ്വപ്‌നമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. അതേസമയം, വെള്ളിയുടെ ഗ്രാം വില 194 രൂപയിലെത്തി.

സംസ്ഥാനത്ത് 14 കാരറ്റ് സ്വര്‍ണത്തിനു വില ഗ്രാമിന് 7,685 രൂപയാണ്. 9 കാരറ്റിന് 4,970 രൂപയും. 22 കാരറ്റ് (916 ഗോള്‍ഡ്) സ്വര്‍ണവുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച വില വ്യത്യാസമുണ്ടെന്നത് 18, 14, 9 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്കും ഡിമാന്‍ഡ് കൂടാന്‍ വഴിയൊരുക്കിയിട്ടുണ്ട്.

രാജ്യാന്തരവില ഔണ്‍സിന് 4,300 ഡോളറിന് മുകളില്‍ നിന്ന് ഒരുവേള 4,180 നിലവാരത്തിലേക്ക് താഴ്ന്നിരുന്നു. ഇപ്പോള്‍ 4,249 ഡോളറിലെത്തി. രാജ്യാന്തര വിലയുടെ താഴ്ചയാണ് കേരളത്തിലും സ്വര്‍ണവില കുറയാന്‍ സഹായിച്ചത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി 6 കറന്‍സികള്‍ക്കെതിരെ യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് നില മെച്ചപ്പെടുത്തിയതും യുഎസ് ഗവണ്‍മെന്റിന്റെ 10-വര്‍ഷ ട്രഷറി യീല്‍ഡ് ഉയര്‍ന്നതും ഓഹരി വിപണികളുടെ കരകയറ്റവും സ്വര്‍ണത്തിന് തിരിച്ചടിയായി.

Related Articles
Next Story
Share it