സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം; പവന് 480 രൂപ കുറഞ്ഞു

വെള്ളിവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവില ഉയരുന്ന കാഴ്ചയാണ് കാണുന്നത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വര്‍ണം വാങ്ങാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഒരുലക്ഷം രൂപയ്ക്കടുത്ത് നല്‍കണമായിരുന്നു. വിവാഹം പോലുള്ള വിശേഷ ദിവസങ്ങള്‍ക്ക് വേണ്ടി സ്വര്‍ണം വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായിരുന്നു സ്വര്‍ണവിലയിലെ വര്‍ധനവ്.

എന്നാല്‍ കഴിഞ്ഞ 2 ദിവസങ്ങളിലായി ഇടിവിന്റെ പാതയിലാണ് സ്വര്‍ണം. കേരളത്തില്‍ ഇന്ന് ഗ്രാമിന് 60 രൂപ താഴ്ന്ന് വില 10,820 രൂപയും പവന് 480 രൂപ കുറഞ്ഞ് 86,560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞദിവസം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. ഈ മാസം ഒന്നിന് കുറിച്ച ഗ്രാമിന് 10,930 രൂപയും പവന് 87,000 രൂപയുമാണ് എക്കാലത്തെയും ഉയരം. സ്വര്‍ണവില പവന് 87,000 രൂപയെന്ന നാഴികക്കല്ല് തൊട്ടതും ഒന്നാംതീയതി ആയിരുന്നു.

കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 50 രൂപ താഴ്ന്ന് 8,960 രൂപയായി. വെള്ളിക്ക് മാറ്റമില്ല; ഗ്രാമിന് 158 രൂപ. മറ്റൊരു വിഭാഗം വ്യാപാരികള്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഈടാക്കുന്നത് ഗ്രാമിന് 40 രൂപ കുറച്ച് 8,955 രൂപയാണ്. വെള്ളിവില 156 രൂപയും.

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിലെ ചലനങ്ങളാണ് പ്രധാനമായും സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകള്‍ സ്വര്‍ണത്തിന് കുതിക്കാനുള്ള ഊര്‍ജമാണ്. ഇതിനിടെ പ്രവര്‍ത്തനഫണ്ട് സംബന്ധിച്ച ബില്‍ പാസാകാത്തതിനാല്‍ ട്രംപിന്റെ ഭരണം സ്തംഭിച്ചത് സ്വര്‍ണത്തിന് കൂടുതല്‍ കരുത്തുമായി. എന്നാല്‍, പിന്നാലെ ലാഭമെടുപ്പും തകൃതിയായത് വിലക്കുതിപ്പിന് തടയിട്ടു.

ഔണ്‍സിന് 3,863 ഡോളര്‍ വരെ ഉയര്‍ന്ന രാജ്യാന്തര വില ഇപ്പോള്‍ 3,844 ഡോളറിലേക്ക് വീണതാണ് കേരളത്തിലും വില കുറയാന്‍ വഴിയൊരുക്കിയത്. ഒപ്പം, ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ഇന്ന് രാവിലെ 88.8 നിലവാരത്തില്‍ നിന്ന് 88.68 നിലവാരത്തിലേക്ക് മൂല്യം മെച്ചപ്പെടുത്തിയതും ആഭ്യന്തര സ്വര്‍ണവിലയെ താഴേക്കുനയിച്ചു.

Related Articles
Next Story
Share it