സംസ്ഥാനത്ത് ഇടിവ് തുടര്‍ന്ന് സ്വര്‍ണം; പവന് 74,160 രൂപ

വെള്ളി വിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് ഇടിവ് തുടര്‍ന്ന് സ്വര്‍ണം. ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 74,160 രൂപയാണ് വില. 80 രൂപ മാത്രമാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം 160 രൂപ കുറഞ്ഞിരുന്നു. ചില ജ്വല്ലറികളില്‍ ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഇവര്‍ സ്വര്‍ണം വില്‍ക്കുന്നത് പവന് 74,200 രൂപ എന്ന നിരക്കിലാണ്. വ്യാപാരികള്‍ രണ്ട് ചേരിയായി നില്‍ക്കുന്നതാണ് സ്വര്‍ണവിലയിലെ ഈ മാറ്റത്തിന് കാരണം. രാജ്യാന്തര സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ ഒത്തുനോക്കിയാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്.

18 കാരറ്റ് സ്വര്‍ണം, വെള്ളി എന്നിവയ്ക്കും കേരളത്തില്‍ വ്യത്യസ്ത വിലകളാണുള്ളത്. ചിലര്‍ 18 കാരറ്റ് സ്വര്‍ണവില മാറ്റംവരുത്താതെ 7,670 രൂപയും മറ്റു ചിലര്‍ ഗ്രാമിന് 5 രൂപ കുറച്ച് 7,615 രൂപയിലുമാണ് ഇന്ന് വ്യാപാരം നടത്തുന്നത്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,930 രൂപയിലും 9 കാരറ്റിന് 3,815 രൂപയിലുംതന്നെ തുടരുന്നു. വെള്ളി വിലയില്‍ മാറ്റമില്ല. ചില ജ്വല്ലറികളില്‍ വില ഗ്രാമിന് 125 രൂപയും മറ്റു ജ്വല്ലറികളില്‍ 122 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഈമാസം എട്ടിന് കുറിച്ച ഗ്രാമിന് 9,275 രൂപയും പവന് 75,760 രൂപയുമാണ് കേരളത്തിലെ സ്വര്‍ണവിലയിലെ റെക്കോര്‍ഡ്. സര്‍വകാല റെക്കോര്‍ഡ് വിലയാണിത്. ഏറ്റവും കുറഞ്ഞ പവന്‍ വില 73200 രൂപയാണ്. റെക്കോര്‍ഡ് വില രേഖപ്പെടുത്തിയശേഷം ഇതുവരെ ഗ്രാമിന് 195-200 രൂപയും പവന് 1,560-1,600 രൂപയും കുറഞ്ഞത് ആഭരണപ്രേമികള്‍ക്കും വിവാഹാവശ്യത്തിനും മറ്റും വലിയതോതില്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആശ്വാസമായിട്ടുണ്ട്. ചിങ്ങമാസം വരുന്നതിനാല്‍ ഇനിയങ്ങളോട്ട് ജ്വല്ലറികളില്‍ തിരക്ക് കൂടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ആഭരണം വാങ്ങുന്നവര്‍ എല്ലാ സ്വര്‍ണത്തിനും കൂടെ പണിക്കൂലിയും ജി.എസ്.ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും അധികമായി നല്‍കേണ്ടി വരും.

ട്രംപ്-പുട്ടിന്‍ ചര്‍ച്ച വിജയിക്കുകയും യുക്രെയ്‌നും റഷ്യയും വെടിനിര്‍ത്തലിലേക്ക് പോവുകയും ചെയ്താല്‍ രാജ്യാന്തര സ്വര്‍ണവില ഇടിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. ട്രംപും പുടിനും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഫലം വിപണിയില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്നറിയാന്‍ തിങ്കളാഴ്ച വരെ കാത്തിരിക്കണം. ഇന്ന് രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3336 ഡോളറാണ് വില.

Related Articles
Next Story
Share it