കേരളത്തില്‍ സ്വര്‍ണവിലയില്‍ 5 രൂപയുടെ കുറവ്; പവന് 73,840 രൂപ
വെള്ളി വിലയിലും നേരിയ വര്‍ധന

തുടര്‍ച്ചയായ വര്‍ധനവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഇന്ന് '5 രൂപയുടെ' കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഗ്രാമിന് 5 രൂപ കുറഞ്ഞ് വില 9,230 രൂപയും പവന് 40 രൂപ താഴ്ന്ന് 73,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വര്‍ണവിലയില്‍ ഇന്ന് ചില കടകളില്‍ മാറ്റമില്ല, ചില കടകളില്‍ ഗ്രാമിന് 7,600 രൂപയാണെങ്കില്‍ മറ്റു ചില കടകളില്‍ വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 7,570 രൂപയാണ്. വെള്ളി വിലയും ചില കടകളില്‍ ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 119 രൂപയായപ്പോള്‍ മറ്റ് ചില കടകള്‍ 118 രൂപയില്‍ നിലനിര്‍ത്തി. അസോസിയേഷനുകള്‍ക്കിടയിലെ ഭിന്നതയാണ് വ്യത്യസ്ത വിലകള്‍ക്കു കാരണം. ശനിയാഴ്ച സംസ്ഥാനത്ത് ഗ്രാമിന് 25 രൂപ വര്‍ധിച്ച് 9,235 രൂപയും പവന് 200 രൂപ ഉയര്‍ന്ന് 73,880 രൂപയിലുമാണ് വ്യാപാരം നടന്നത്.
ഇറാനെ ഇസ്രയേലിനൊപ്പം ചേര്‍ന്ന് യുഎസും ആക്രമിച്ച പശ്ചാത്തലത്തില്‍ രാജ്യാന്തര സ്വര്‍ണവില കുതിച്ചു കയറേണ്ടതാണെങ്കിലും നിലവില്‍ നേരിയ ഇടിവില്‍ തുടരുന്നതാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്.
ഔണ്‍സിന് 6.88 ഡോളര്‍ നഷ്ടവുമായി 3,361.87 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ 6 മുന്‍നിര കറന്‍സികള്‍ക്കെതിരായ യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് 0.35% ഉയര്‍ന്ന് 99.05ല്‍ എത്തിയത് സ്വര്‍ണത്തിന് കുതിക്കാനുള്ള ആവേശം കെടുത്തി. യുഎസ് ഗവണ്‍മെന്റിന്റെ 10-വര്‍ഷ കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീല്‍ഡ്) 0.016% മെച്ചപ്പെട്ട് 4.399 ശതമാനത്തിലെത്തിയതും സ്വര്‍ണത്തിന് തിരിച്ചടിയായി.
രാജ്യാന്തര സ്വര്‍ണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. ഡോളര്‍ കരുത്താര്‍ജ്ജിക്കുമ്പോള്‍ സ്വര്‍ണം വാങ്ങാനുള്ള സാമ്പത്തികച്ചെലവ് ഏറും. ഇത് ഡിമാന്‍ഡിനെ ബാധിക്കുകയും വില താഴുകയും ചെയ്യും. ഇതാണ് നിലവില്‍ സംഭവിക്കുന്നത്. പുറമെ, ഡോളറും ബോണ്ട് യീല്‍ഡും മെച്ചപ്പെട്ടത് സ്വര്‍ണ നിക്ഷേപങ്ങളുടെ തിളക്കം കെടുത്തുന്നതും സ്വര്‍ണവിലയുടെ കുതിപ്പിന് തടയിടുന്നു.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,840 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണക്കൂലിക്കും 3 ശതമാനം നികുതി, 45 റൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 80,000 രൂപയ്ക്കടുത്താകും. ആഭരണങ്ങളുടെ ഡിസൈന്‍ അനസരിച്ച് പണിക്കൂലിയില്‍ വ്യത്യാസമുണ്ടാകും.