സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് ഒറ്റയടിക്ക് 840 രൂപ കുറഞ്ഞു

വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വന്‍ കുതിപ്പ് നടത്തിയിരുന്ന സ്വര്‍ണത്തിന് കഴിഞ്ഞ ദിവസം നേരിയ വിലക്കുറവ് ഉണ്ടായിരുന്നു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 9305 രൂപയും പവന് 120 രൂപ താഴ്ന്ന് 74,440 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും ഇന്ന് വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് ഇന്ന് 105 രൂപ കുറഞ്ഞ് വില 9,200 രൂപയും പവന് 840 രൂപ കുറഞ്ഞ് 73,600 രൂപയുമാണ്. ഏറെ ദിവസങ്ങള്‍ക്ക് ശേഷം ആഭരണപ്രിയര്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള വിശേഷാവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.

അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപ കുറഞ്ഞ് 7550 രൂപയുമായി. ആഗോള സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, ഡോളര്‍-ഇന്ത്യന്‍ രൂപ വിനിമയ നിരക്ക് എന്നിവ ഒത്തുനോക്കിയാണ് കേരളത്തില്‍ ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില നിശ്ചയിക്കുക.

കേരളത്തില്‍ വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 115 രൂപയാണ് ഇന്നത്തെ നിരക്ക്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വെള്ളിവില കുതിച്ചുയര്‍ന്നിരുന്നു.

സ്വര്‍ണാഭരണം ഇന്ന് വാങ്ങുന്നവര്‍ക്ക് പണിക്കൂലിയും ഡിസൈനും ഒക്കെ കണക്കാക്കി 80,000 രൂപ വരെ പവന് ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 71000 രൂപ കിട്ടാനാണ് സാധ്യത. വില കുറഞ്ഞ സാഹചര്യത്തില്‍ ഇന്ന് ഉപഭോക്താക്കള്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നത് നല്ലതാണ്.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞവാരം രാജ്യാന്തരവില കുതിച്ചുയര്‍ന്നതോടെ കേരളത്തില്‍ വില റെക്കോര്‍ഡില്‍ എത്തിയിരുന്നു. ഇക്കഴിഞ്ഞ 14ന് സംസ്ഥാനത്ത് ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമായിരുന്നു വില.

രാജ്യാന്തര വില ഇന്ന് ഔണ്‍സിന് 3,402 ഡോളറില്‍ നിന്ന് 3,378 ഡോളറിലേക്ക് വീഴുകയും ഡോളറിനെതിരെ രൂപ ഏറെ ദിവസത്തെ നഷ്ടയാത്രയ്ക്ക് ശേഷം ഇന്ന് 5 പൈസ ഉയര്‍ന്ന് 86.01ല്‍ വ്യാപാരം ആരംഭിച്ചതും കേരളത്തില്‍ സ്വര്‍ണവില കുറയാന്‍ സഹായിച്ചു.

Related Articles
Next Story
Share it