തുടര്‍ച്ചയായ വര്‍ധനവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 74,440

ശനിയാഴ്ച കേരളത്തില്‍ സ്വര്‍ണം റെക്കോര്‍ഡ് വിലയില്‍ എത്തിയിരുന്നു

കൊച്ചി: തുടര്‍ച്ചയായ വര്‍ധനവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. കഴിഞ്ഞ 4 ദിവസങ്ങളിലായി വന്‍ കുതിപ്പായിരുന്നു സ്വര്‍ണവിലയില്‍ പ്രകടമായത്. രാജ്യാന്തര സ്വര്‍ണവില ഇന്നു ചാഞ്ചാട്ടത്തിലേക്ക് കടന്നതോടെയാണ് സംസ്ഥാനത്ത് ആഴ്ചയുടെ തുടക്കത്തില്‍ തന്നെ നേരിയതോതില്‍ വില കുറയുന്നത്.

ഗ്രാമിന് 15 രൂപ കുറഞ്ഞ് 9,305 രൂപയും പവന് 120 രൂപ താഴ്ന്ന് 74,440 യിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച കേരളത്തില്‍ സ്വര്‍ണം റെക്കോര്‍ഡ് വിലയില്‍ എത്തിയിരുന്നു. ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമായിരുന്നു അന്നത്തെ വില.

സംസ്ഥാനത്ത് ചില കടകളില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 10 രൂപ കുറഞ്ഞ് 7,660 രൂപയായി. മറ്റു ചില കടകളില്‍ വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 7,635 രൂപയാണ്. വെള്ളിക്കും സംസ്ഥാനത്ത് വിവിധ സ്വര്‍ണ വ്യാപാരി അസോസിയേഷനുകള്‍ക്ക് കീഴില്‍ പല വിലകളിലാണ് വ്യാപാരം നടക്കുന്നത്. ചില കടകളില്‍ ഗ്രാമിന് റെക്കോര്‍ഡ് വിലയായ 118 രൂപയില്‍ വ്യാപാരം നടക്കുമ്പോള്‍ മറ്റു കടകളില്‍ 115 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

രാജ്യാന്തര സ്വര്‍ണവില ആഴ്ചയുടെ തുടക്കത്തില്‍ തന്നെ അല്‍പം താഴ്‌ന്നെങ്കിലും ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. യുദ്ധം പോലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ 'സുരക്ഷിത നിക്ഷേപം' എന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡും വിലയും കൂടുന്നത് പതിവാണ്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് അയവില്ലെങ്കില്‍ വില വീണ്ടും ഉയരത്തിലേക്ക് പോയേക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

വില റെക്കോര്‍ഡ് നിരക്കിലേക്ക് ഉയര്‍ന്നപ്പോള്‍ വന്‍തോതില്‍ വിറ്റഴിക്കല്‍ നടന്നതും വില താഴാന്‍ കാരണമായി. എന്നാല്‍ വലിയ തോതിലുള്ള ഇടിവ് ഉണ്ടായിട്ടുമില്ല. ഡോളര്‍ നിരക്കില്‍ നേരിയ മുന്നേറ്റം പ്രകടമായിട്ടുണ്ട്. ഇന്ത്യന്‍ രൂപ വലിയ ഇടിവില്‍ നിന്ന് തിരിച്ചുകയറി. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില കഴിഞ്ഞ ദിവസത്തെ നിരക്കില്‍ തുടരുകയാണ്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിരക്കിലെത്തിയ ശേഷം താഴ്ന്നിട്ടില്ല.

യുഎസ് കേന്ദ്രബാങ്കിന്റെ ഈ ആഴ്ചത്തെ പണനയവും നിര്‍ണായകമാണ്. അടിസ്ഥാന പലിശനിരക്ക് ഉടന്‍ കുറയ്ക്കാന്‍ സാധ്യത വിരളമെങ്കിലും ഈ വര്‍ഷത്തെ പലിശയിറക്കം സംബന്ധിച്ച സൂചനകള്‍ യുഎസ് ഫെഡ് നല്‍കിയേക്കും. സപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള യോഗങ്ങളില്‍ പലിശനിരക്ക് കുറച്ചേക്കാമെന്നാണ് വിലയിരുത്തലുകള്‍.

ഇന്ന് പവന് 74,440 രൂപയാണെങ്കിലും ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് പണിക്കൂലിയും ഡിസൈനും മറ്റും അനുസരിച്ച് 81000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് 72000 രൂപയില്‍ കുറയാത്ത സംഖ്യ ലഭിച്ചേക്കും. സ്വര്‍ണം വാങ്ങിയ ജ്വല്ലറിയില്‍ തന്നെ കൊടുത്താല്‍ പഴയ സ്വര്‍ണത്തിന് നല്ല വില കിട്ടും. മാത്രമല്ല, പഴയ ബില്ല് കൈവശമുണ്ടെങ്കില്‍ ഗുണം ചെയ്യും. എങ്കിലും വിപണി വില കിട്ടില്ല എന്നതാണ് പഴയ സ്വര്‍ണം വില്‍ക്കുമ്പോഴുള്ള നഷ്ടം.

Related Articles
Next Story
Share it