അക്ഷയതൃതീയക്ക് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസം; പവന് 520 രൂപ കുറഞ്ഞ് 71,520 ആയി

അക്ഷയതൃതീയ വരുന്നതിനാല്‍ സ്വര്‍ണവില കുറയുന്നത് സ്വര്‍ണ വ്യാപാരികള്‍ക്കും അനുകൂല ഘടകമാണ്.

ദിവസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. 74000ത്തിന് മുകളില്‍ വരെ പവന്‍വില എത്തിയ ശേഷമാണ് ഇടിവ് കാണുന്നത്. അക്ഷയ തൃതീയ പടിവാതിലില്‍ എത്തിനില്‍ക്കെയുള്ള ഈ കുറവ് സ്വര്‍ണാഭരണ പ്രിയര്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള അനിവാര്യ ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്കും ആശ്വാസമാണ്. ഏപ്രില്‍ 30നാണ് ഈ വര്‍ഷത്തെ അക്ഷയതൃതീയ. അക്ഷയതൃതീയ വരുന്നതിനാല്‍ സ്വര്‍ണവില കുറയുന്നത് സ്വര്‍ണ വ്യാപാരികള്‍ക്കും അനുകൂല ഘടകമാണ്.

തിങ്കളാഴ്ച ഗ്രാമിന് 65 രൂപ കുറഞ്ഞ് 8,940 രൂപയും പവന് 520 രൂപ താഴ്ന്ന് 71,520 രൂപയുമായി. ഏറെ ദിവസങ്ങള്‍ക്കുശേഷമാണ് ഗ്രാം വില 9,000 രൂപയ്ക്കും പവന്‍ വില 72,000 രൂപയ്ക്കും താഴെ എത്തുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമാണ് കേരളത്തിലെ റെക്കോര്‍ഡ്. അതിനുശേഷം ഇതുവരെ വിലയില്‍ ഇടിഞ്ഞത് ഗ്രാമിന് 350 രൂപയും പവന് 2,800 രൂപയുമാണ്.

18 കാരറ്റ് സ്വര്‍ണവിലയും വെള്ളിവിലയും തിങ്കളാഴ്ച കുറഞ്ഞിട്ടുണ്ടെങ്കിലും വിവിധ അസോസിയേഷനുകള്‍ക്ക് കീഴിലെ കടകളില്‍ വ്യത്യസ്ത വിലയാണുള്ളത്.

ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍ നയിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (AKGSMA) നിര്‍ണയപ്രകാരം 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ ഇടിഞ്ഞ് 7,405 രൂപയായി. വെള്ളിവില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 109 രൂപയും.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗം 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 50 രൂപ കുറച്ച് 7360 രൂപയും ഒരു പവന്റെ വില 400 രൂപ കുറച്ച് 58880 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.

ഡോളര്‍ മൂല്യം അല്‍പ്പം കൂടിവരുന്നത് സ്വര്‍ണവില കുറയുമെന്ന സൂചന നല്‍കുന്നു. മാത്രമല്ല, ചൈനയും അമേരിക്കയും തമ്മില്‍ ചുങ്കപ്പോര് കുറയ്ക്കുമെന്ന സൂചന ലഭിച്ചതും വിപണിക്ക് ആശ്വാസമാണ്. ഇന്ന് ഓഹരി വിപണികള്‍ അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല, ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ മുന്നേറ്റമുണ്ട്. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു വരുന്നതാണ് ട്രെന്‍ഡ്.

സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ 3% ജി.എസ്.ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസ്, പണിക്കൂലി എന്നിവയും കൊടുക്കണം. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇതു മൂന്നു മുതല്‍ 35 ശതമാനം വരെയൊക്കെയാകാം. ഉപഭോക്താക്കള്‍ക്ക് പണിക്കൂലി കുറവുള്ള ജ്വല്ലറികളില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ വാങ്ങല്‍ വിലയില്‍ കുറവ് നേടാനാകും.

അക്ഷയതൃതീയ പ്രമാണിച്ച് നിരവധി ജ്വല്ലറികള്‍ പണിക്കൂലിയില്‍ വലിയ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാനായി മുന്‍കൂര്‍ ബുക്കിങ്ങും സജീവമാണെന്ന് വ്യാപാരികള്‍ പറയുന്നു.

Related Articles
Next Story
Share it