സ്വര്‍ണം വാങ്ങുന്നവര്‍ക്ക് താല്‍ക്കാലിക ആശ്വാസം; പവന് 2200 രൂപ കുറഞ്ഞു
കഴിഞ്ഞദിവസം റെക്കോര്‍ഡ് വിലയില്‍ എത്തിയപ്പോള്‍, ഉയര്‍ന്ന വിലയില്‍ ലാഭം എടുക്കല്‍ നടന്നതാണ് വില കുറയാന്‍ കാരണമായത്.

സ്വര്‍ണം വാങ്ങുന്നവര്‍ക്ക് താല്‍ക്കാലിക ആശ്വാസമായി വിലയിടിവ്. കഴിഞ്ഞദിവസം ഒറ്റയടിക്ക് ഗ്രാമിന് 275 രൂപ ഉയര്‍ന്ന് 9,290 രൂപയും പവന് 2,200 രൂപ ഉയര്‍ന്ന് 74,320 രൂപ എന്ന റെക്കോര്‍ഡ് വിലയിലായിരുന്നു വ്യാപാരം നടന്നിരുന്നത്.
ബുധനാഴ്ച ഗ്രാമിന് വില 9,015 രൂപയും പവന് 72,120 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് ചില കടകളില്‍ 225 രൂപ ഇടിഞ്ഞ് 7,465 രൂപയിലെത്തി. മറ്റു ചില കടകളില്‍ വില 240 രൂപ കുറഞ്ഞ് 7,410 രൂപ. വെള്ളി വില ഗ്രാമിന് 109 രൂപയില്‍ മാറ്റമില്ലാതെ നില്‍ക്കുന്നു.
കഴിഞ്ഞദിവസം റെക്കോര്‍ഡ് വിലയില്‍ എത്തിയപ്പോള്‍, ഉയര്‍ന്ന വിലയില്‍ ലാഭം എടുക്കല്‍ നടന്നതാണ് വില കുറയാന്‍ കാരണമായത്. താരിഫ് റേറ്റില്‍ ചെറിയ അയവുകള്‍ വരുത്താനുള്ള ചര്‍ച്ചകള്‍ തുടരുന്നതും വില കുറയാന്‍ കാരണമായി.
മാത്രമല്ല, യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് 98 നിലവാരത്തില്‍ നിന്ന് 99ന് മുകളിലേക്ക് ഉയര്‍ന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ബുധനാഴ്ച രാവിലത്തെ വ്യാപാരത്തില്‍ 8 പൈസ താഴ്ന്ന് 85.27ല്‍ എത്തിയതും സ്വര്‍ണവില ഇടിവിന്റെ ആക്കംകുറയാന്‍ വഴിയൊരുക്കി. അല്ലായിരുന്നെങ്കില്‍, ഇന്ന് ഗ്രാമിന് 20 രൂപയോളവും പവന് 160 രൂപയോളവും കൂടിക്കുറയുമായിരുന്നു എന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
കഴിഞ്ഞദിവസം 3,500 ഡോളറിനടുത്തേക്ക് വില ഉയര്‍ന്നത് മുതലെടുത്ത് ഒരുവിഭാഗം നിക്ഷേപകര്‍ ഗോള്‍ഡ് ഇടിഎഫുകളില്‍ ലാഭമെടുപ്പ് ഉഷാറാക്കിയതും വില കുറയാനിടയാക്കി.
5% മിനിമം പണിക്കൂലി, 3% ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് (53.10 രൂപ) എന്നീ ചാര്‍ജുകള്‍ ഈടാക്കുമ്പോള്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഏകദേശം 78,050 രൂപ നല്‍കണം. എന്നാല്‍ ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,802 രൂപ കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കുറവ് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നില്ലെങ്കിലും വിവാഹ പാര്‍ട്ടികള്‍ക്ക് അല്‍പം ആശ്വസിക്കാം.