കേരളത്തില്‍ മാറ്റമില്ലാതെ സ്വര്‍ണവില; പവന് 70,040 രൂപ

കഴിഞ്ഞ രണ്ടുദിവസത്തിനിടെ പവന് 1,800 രൂപയും ഗ്രാമിന് 225 രൂപയും കുറഞ്ഞശേഷമാണ് മാറ്റമില്ലാതെ നില്‍ക്കുന്നത്.

കേരളത്തില്‍ മാറ്റമില്ലാതെ സ്വര്‍ണവില. ഗ്രാമിന് 8,755 രൂപയിലും പവന് 70,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. റെക്കോഡ് വിലയായ 74,320 രൂപയിലെത്തിയ ശേഷമാണ് തിരിച്ചിറക്കം. കഴിഞ്ഞ രണ്ടുദിവസത്തിനിടെ പവന് 1,800 രൂപയും ഗ്രാമിന് 225 രൂപയും കുറഞ്ഞശേഷമാണ് ശനിയാഴ്ച വില മാറ്റമില്ലാതെ നില്‍ക്കുന്നത്.

അതേസമയം, ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍ നയിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ) വില നിര്‍ണയപ്രകാരം 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് മാറ്റമില്ലാതെ 7,240 രൂപയാണ്. വെള്ളിക്ക് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 106 രൂപ.

എസ്. അബ്ദുല്‍ നാസര്‍ വിഭാഗം എ.കെ.ജി.എസ്.എം.എ നല്‍കിയിരിക്കുന്ന വില 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് മാറ്റമില്ലാതെ 7,185 രൂപ. വെള്ളിക്ക് ഗ്രാമിന് 109 രൂപയും. ഡോളറിനെതിരെ ഇന്ത്യന്‍ റുപ്പിയുടെ മൂല്യം 83.78 എന്ന ആറുമാസത്തെ ഉയരത്തിലെത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് കേരളത്തില്‍ ഇന്നു സ്വര്‍ണവില മാറ്റമില്ലാതെ നില്‍ക്കുന്നത്.

ആഗോള വ്യാപാര തര്‍ക്കങ്ങളും യുദ്ധങ്ങളും കാരണം കഴിഞ്ഞ കുറച്ച് കാലമായി സ്വര്‍ണവില മുകളിലേക്ക് കുതിക്കുകയാണ്. കേന്ദ്രബാങ്കുകള്‍ കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതും വിലയെ സ്വാധീനിച്ചു. കഴിഞ്ഞ മാസം അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 3,500 ഡോളറിന് മുകളിലെത്തിയ സ്വര്‍ണം എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പറത്തി.

എന്നാല്‍ പിന്നീട് സ്വര്‍ണവില താഴേക്ക് വരുന്നതാണ് കണ്ടത്. റെക്കോഡ് വിലയില്‍ നിന്നും 250 ഡോളറാണ് കുറച്ച് ദിവസങ്ങള്‍ക്കിടെ കുറഞ്ഞത്. ആഗോള വ്യാപാര തര്‍ക്കങ്ങള്‍ക്ക് അയവുവന്നതാണ് പ്രധാന കാരണം. ഇതോടെ സ്വര്‍ണവിലയില്‍ എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തില്‍ ആശങ്കകളും ശക്തമായി.

ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 70,040 രൂപയാണെങ്കിലും ആഭരണ രൂപത്തില്‍ ഇതേ തൂക്കത്തില്‍ സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കണം. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിലും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയുംചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 75,801 രൂപയെങ്കിലും വേണം. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും സ്വര്‍ണ വിലയിലും വ്യത്യാസമുണ്ടാകും.

Related Articles
Next Story
Share it