വീണ്ടും റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണം; പവന് 600 രൂപ കൂടി
വെള്ളി വിലയിലും വര്‍ധനവ്

ആഭരണപ്രിയര്‍ക്കും വിവാഹം ഉള്‍പ്പെടെ വിശേഷാവശ്യങ്ങള്‍ക്കായി വലിയ അളവില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്കും വലിയ തിരിച്ചടി നല്‍കി സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ശനിയാഴ്ച ഗ്രാമിന് 75 രൂപ വര്‍ധിച്ച് 10,280 രൂപയും പവന് 600 രൂപ കൂടി 82,240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സപ്തംബര്‍ 16ന് രേഖപ്പെടുത്തിയ ഗ്രാമിന് 10,260 രൂപയും പവന് 82,080 രൂപയുമെന്ന റെക്കോര്‍ഡാണ് തകര്‍ത്തത്.
ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്. ചൊവ്വാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 82080 എന്ന നിലയിലേക്കും വില ഉയര്‍ന്നിരുന്നു. പിന്നീടുള്ള രണ്ട് ദിവസങ്ങളിലായി വിലയില്‍ ഇടിവ് നേരിട്ടെങ്കിലും വെള്ളിയാഴ്ച വീണ്ടും ഉയര്‍ച്ച രേഖപ്പെടുത്തുകയായിരുന്നു. ഇന്നത്തെ വര്‍ധനയോടെ ഈ മാസത്തെ ഉയര്‍ന്ന വിലയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണം, വെള്ളി വിലകളും പുതിയ ഉയരംതൊട്ടു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 8,520 രൂപയായി. വെള്ളിക്ക് ഗ്രാമിന് 2 രൂപ വര്‍ധിച്ച് 142 രൂപയും. അതേസമയം, ഒരുവിഭാഗം വ്യാപാരികള്‍ 18 ഗ്രാമിന് നല്‍കിയ വില 60 രൂപ ഉയര്‍ത്തി 8,440 രൂപയാണ്. ഇവര്‍ വെള്ളിവില 135 രൂപയില്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിട്ടുമുണ്ട്.
രാജ്യാന്തര വിലയിലെ തിരിച്ചുകയറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. കഴിഞ്ഞദിവസം ഔണ്‍സിന് റെക്കോര്‍ഡ് 3,704 ഡോളര്‍ വരെയെത്തിയ വില, ലാഭമെടുപ്പിനെ തുടര്‍ന്ന് 3,630 ഡോളറിലേക്ക് വീണിരുന്നു. എന്നാല്‍, ഇന്നു വീണ്ടും 40 ഡോളര്‍ മുന്നേറി 3,685.82 ഡോളറിലെത്തി. ഇതോടെ, കേരളത്തിലും വില കുതിക്കുകയായിരുന്നു. രൂപ ഡോളറിനെതിരെ ഇന്നലെ 3 പൈസ താഴ്ന്ന് 88.10ല്‍ എത്തിയതും ആഭ്യന്തര സ്വര്‍ണവില കൂടാനിടയാക്കി.
ഇന്ന് 89,300 രൂപയ്ക്കടുത്താണ് ഒരു പവന്‍ ആഭരണത്തിന്റെ വാങ്ങല്‍വില. 3% ജിഎസ്ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് (53.10 രൂപ), മിനിമം 5% പണിക്കൂലി എന്നിവയും ചേര്‍ത്താണ് ഇത്. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് വാങ്ങല്‍വില മിനിമം 11,162 രൂപ. സ്വര്‍ണവിലയുടെ കുതിച്ചുകയറ്റം സമീപഭാവിയിലെങ്ങും അവസാനിക്കില്ലെന്ന സൂചനകളാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്നത്.