കോഴി വ്യാപാരിയുടെ വാന്‍ തടഞ്ഞ് നിര്‍ത്തി വടിവാള്‍ കഴുത്തില്‍ വെച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍

അറസ്റ്റിലായത് നാല് ദിവസം മുമ്പ് ജയിലില്‍ നിന്നിറങ്ങിയ നിരവധി കേസുകളിലെ പ്രതി

ഹൊസങ്കടി: കോഴി വ്യാപാരിയുടെ ഓമ്നി വാന്‍ തടഞ്ഞുനിര്‍ത്തി വടിവാള്‍ കഴുത്തില്‍ വെച്ച് മൂന്ന് പവന്‍ സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. നാല് ദിവസം മുമ്പ് ജയിലില്‍ നിന്നിറങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് അറസ്റ്റിലായത്. ബന്തിയോട് അടുക്കയിലെ തോക്ക് എന്ന് വിളിക്കുന്ന അബ്ദുല്‍ ലത്തീഫി(33)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിലെ മുഖ്യപ്രതിക്കായി അന്വേഷം ഊര്‍ജിതമാക്കിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. മൊര്‍ത്തണയിലെ പോക്കറ്റ് റോഡിലൂടെ ഓമ്നി വാനില്‍ വരികയായിരുന്ന വൊര്‍ക്കാടി അരിബയലിലെ കോഴി വ്യാപാരി സ്വാനിത് ഷെട്ടിയെ കാര്‍ കുറുകെയിട്ട് തടയുകയും വാഹനത്തില്‍ നിന്ന് ഇറക്കി സംഘത്തിലെ ഒരാള്‍ വടിവാള്‍ കഴുത്തില്‍ വെച്ച് കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തുകയും കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല തട്ടിപ്പറിച്ചതിന് ശേഷം കാറില്‍ കടന്നുകളയുകയുമായിരുന്നു.

മഞ്ചേശ്വരം പൊലീസ് പരിസരത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കാറിലുണ്ടായിരുന്ന അബ്ദുല്‍ ലത്തീഫിനെ തിരിച്ചറിഞ്ഞത്. അന്നേദിവസം വൈകിട്ട് 5 മണിയോടെ ബന്തിയോട് വെച്ചാണ് ലത്തീഫിനെ അറസ്റ്റ് ചെയ്തത്. എട്ടോളം കേസുകളില്‍ പ്രതിയായ ലത്തീഫ് മംഗളൂരുവിലെ ജയിലില്‍ നിന്ന് നാല് ദിവസം മുമ്പാണ് ഇറങ്ങിയത്. മുഖ്യ പ്രതിയെ അന്വേഷിച്ച് വരികയാണ്.

Related Articles
Next Story
Share it