ബൈക്ക് യാത്രക്കാരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

മഞ്ചേശ്വരം സി.എം. നഗറിലെ അഷ് റഫിനെയാണ് അറസ്റ്റ് ചെയ്തത്

മഞ്ചേശ്വരം: ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിക്കുകയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സി.എം. നഗറിലെ അഷ് റഫിനെ(38)യാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പ് മച്ചമ്പാടിയിലെ അബ്ദുല്‍ ഖാദര്‍ എന്ന ഖലീലിനെ മര്‍ദ്ദിച്ചശേഷം അഷ് റഫും മറ്റു അഞ്ച് പേരും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.

ഖലീല്‍ മക്കളെ സ്‌കൂള്‍ വിട്ട് ബൈക്കില്‍ വീട്ടിലേക്ക് കൊണ്ടു പോകുമ്പോള്‍ പ്രതികള്‍ സഞ്ചരിച്ച കാറിന് വഴി മാറി കൊടുത്തില്ലെന്നാരോപിച്ചായിരുന്നു അക്രമം. വൈകുന്നേരം മച്ചമ്പാടി ഗ്രൗണ്ടില്‍ ഇരിക്കുകയായിരുന്ന ഖലീലിനെ കാറിലെത്തിയ അഷ് റഫ്, യാക്കൂബ്, മുബാറക്, ജബ്ബാര്‍ എന്നിവരും മറ്റു രണ്ടുപേരും ചേര്‍ന്ന് മര്‍ദ്ദിച്ചതിന് ശേഷം സംഘത്തിലെ ഒരാള്‍ കത്തിയെടുത്ത് കുത്തിക്കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്.

കഴിഞ്ഞ ദിവസം രാത്രി മച്ചമ്പാടിയില്‍ വെച്ച് അഷ് റഫ് നാട്ടുകാരോട് തട്ടിക്കയറിയിരുന്നു. പിന്നീട് നാട്ടുകാര്‍ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി മഞ്ചേശ്വരം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it