കോളേജ് വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്ത റോഡുപണിക്കാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു
ബന്തിയോട് മള്ളങ്കൈയിലാണ് സംഭവം

ബന്തിയോട് : കോളേജ് വിദ്യാര്‍ത്ഥിനിയെ നിരന്തരമായി ശല്യം ചെയ്ത റോഡ് പണിക്കാരനെ ഒരു സംഘം നാട്ടുകാര്‍ കൈ കാര്യം ചെയ്തു. കഴിഞ്ഞദിവസം വൈകിട്ട് ആറ് മണിയോടെ മള്ളങ്കൈയിലാണ് സംഭവം. മംഗളൂരുവിലെ കോളേജ് വിട്ട് വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ റോഡ് പണിക്കാരന്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
പെണ്‍കുട്ടിയെ ശല്യം ചെയ്യരുതെന്ന് ബന്ധുക്കള്‍ നിരവധി തവണ റോഡ് പണിക്കാരനോട് ആവശ്യപ്പെട്ടെങ്കിലും ഇതൊന്നും കൂട്ടാക്കാതെ ശല്യം ചെയ്യുന്നത് തുടര്‍ന്നു കൊണ്ടിരുന്നു. കഴിഞ്ഞദിവസം വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കാത്തിരുന്ന ഒരു സംഘം നാട്ടുകാര്‍ റോഡ് പണിക്കാരനെ കൈകാര്യം ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി പണിക്കാരനെയും മര്‍ദ്ദിച്ചവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയും ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പിന്നീട് രാത്രിയോടെ വിട്ടയക്കുകയുമാണുണ്ടായത്.

