'മുഹമ്മദ് ഷെരീഫിനെ കൊലപ്പെടുത്താന്‍ കാരണം ഓട്ടോറിക്ഷ സ്‌കൂള്‍ ബസില്‍ തട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യം'; ഡ്രൈവര്‍ അറസ്റ്റില്‍

സൂറത് കല്‍ കൈക്കമ്പ കാട്ടിപ്പള്ളത്തെ അഭിഷേക് ഷെട്ടിയെ ആണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.

മഞ്ചേശ്വരം: ഓട്ടോറിക്ഷ ഡ്രൈവര്‍ കര്‍ണ്ണാടക മുല്‍ക്കിയിലെ മുഹമ്മദ് ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സ്‌കൂള്‍ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. സൂറത് കല്‍ കൈക്കമ്പ കാട്ടിപ്പള്ളത്തെ അഭിഷേക് ഷെട്ടി(25) യെ ആണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.നാല് മാസം മുമ്പ് ഓട്ടോറിക്ഷ സ്‌കൂള്‍ ബസില്‍ തട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു.

മുഹമ്മദ് ഷെരീഫിനെ മഞ്ചേശ്വരത്ത് വെച്ച് വെട്ടി പരിക്കേല്‍പ്പിച്ചതിന് ശേഷം കിണറ്റില്‍ തള്ളിയിടുകയായിരുന്നു എന്നാണ് പ്രതി പൊലീസില്‍ മൊഴി നല്‍കിയത്. കഴിഞ്ഞ വ്യാഴാഴ്ച ഏഴ് മണിയോടെയാണ് ഷെരീഫിന്റെ മൃതദേഹം കുഞ്ചത്തൂര്‍ അടക്കം പള്ളം എന്ന സ്ഥലത്തെ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കണ്ടെത്തിയത്. മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ ശരീരത്തില്‍ നിരവധി വെട്ടുകളേറ്റ മുറിവുകളുണ്ടായിരുന്നു. മരണകാരണം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടതോടെ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.

പ്രതി അഭിഷേക് ഷെട്ടിയെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ മൊഴി;

ഞാന്‍ ഓടിച്ചിരുന്ന സ്‌കൂള്‍ ബസില്‍ ഷെരീഫിന്റെ ഓട്ടോറിക്ഷ തട്ടി. ഇതേ തുടര്‍ന്ന് ഷെരീഫും ഞാനും തമ്മില്‍ വാക്കുതര്‍ക്കം നടക്കുകയും കൂടി നിന്ന നാട്ടുകാരുടെ മുന്നില്‍ വെച്ച് എന്റെ അമ്മയെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുകയും പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് ഷെരീഫിനെ പറഞ്ഞുവിടുകയും ചെയ്തു.

പിന്നീട് ഷെരീഫ് എന്നെ കാണുന്നിടത്തെല്ലാം വച്ച് അസഭ്യം പറയുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു. ഇതിന്റെ മാനസിക വിഷമത്തില്‍ ബസില്‍ പണിയെടുക്കാന്‍ തോന്നിയില്ല. ജോലിക്ക് വരാത്തതിന്റെ പേരില്‍ സ്‌കൂള്‍ അധികൃതര്‍ ഡ്രൈവര്‍ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടു. ഞാന്‍ സ്ഥിരമായി മദ്യപിക്കുന്ന ആളാണ്. ഭാര്യയുമായി പല തവണ വാക്കുതര്‍ക്കം നടന്നു.

ഒരു ദിവസം ഭാര്യ എന്നെ ഒഴിവാക്കി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. അന്ന് തൊട്ട് ഷെരീഫിനെ എങ്ങനെയും വക വരുത്തണമെന്ന ചിന്ത മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഷെരീഫിനെ കൊല്ലാന്‍ വേണ്ടി മൂര്‍ച്ചയേറിയ ഒരു കത്തിയും മറ്റൊരു ചെറിയ കത്തിയും ഇവ സൂക്ഷിക്കാനായി ഒരു ബാഗും വാങ്ങി സ്വന്തം കാറില്‍ സൂക്ഷിച്ച് നടന്നു. മൂന്ന് മാസത്തിനിടെ പല തവണ കൊല്ലാന്‍ വേണ്ടി പദ്ധതിയിട്ടെങ്കിലും ചില കാരണത്താല്‍ എല്ലാം പാളി.

ബുധാഴ്ച രാത്രി 11 മണിയോടെ മംഗളൂരുവില്‍ രാത്രികാല ഓട്ടോ സര്‍വീസ് നടത്തുന്ന സ്റ്റാന്റില്‍ ഷെരിഫിന്റെയും മറ്റൊരാളുടെയും ഓട്ടോകള്‍ കണ്ടു. ഷെരീഫിന്റെ ഓട്ടോയില്‍ കയറി ശബ്ദം മാറ്റി തലപ്പാടി വരെ പോകണമെന്ന് പറഞ്ഞു. തലപ്പാടി ബീരിയില്‍ എത്തിയപ്പോള്‍ ഓട്ടോ നിര്‍ത്തി. അറ്റകുറ്റ പണിക്കായി കയറ്റി വെച്ച കാറില്‍ സൂക്ഷിച്ച കത്തികള്‍ അടങ്ങിയ ബാഗെടുത്ത് ഓട്ടോയില്‍ വെച്ചു.

തലപ്പാടിയില്‍ ഓട്ടോ എത്തിയതോടെ ഷെരീഫ് എവിടെ പോകണമെന്ന് ചോദിച്ചപ്പോള്‍ ചൂതാട്ട കേന്ദ്രം വരെ പോകണമെന്ന് മറുപടി നല്‍കി. ചൂതാട്ട കേന്ദ്രത്തിന് സമീപമെത്തിയപ്പോള്‍ ബാഗില്‍ സൂക്ഷിച്ച വലിയ കത്തിയെടുത്ത് ഷെരീഫിന്റെ കഴുത്തിന്റെ മുന്‍ഭാഗത്ത് വെട്ടുകയായിരുന്നു. രണ്ടാമത് വെട്ടുന്നതിനിടെ തടയുമ്പോഴാണ് ഇടതു കൈക്ക് മുറിവേറ്റത്. മൂന്നാമത് വെട്ടുമ്പോള്‍ കത്തി തെറിച്ച് വീണ് കാണാതായി. പിന്നിട് ചെറിയ കത്തി കൊണ്ട് കഴുത്തിന്റെ പിറകുഭാഗത്ത് കുത്തി. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഷെരീഫിനെ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് ജീവനോടെ ചവിട്ടി തള്ളുകയായിരുന്നു.

Related Articles
Next Story
Share it