കോടിക്കണക്കിന് രൂപ മുടക്കി മഞ്ചേശ്വരത്ത് സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന വിശ്രമകേന്ദ്രം കടലെടുത്തു

കെട്ടിടത്തിന്റെ 60 ശതമാനം പണി പൂര്‍ത്തിയായതായിരുന്നു

മഞ്ചേശ്വരം: കോടികണക്കിന് രൂപ മുതല്‍ മുടക്കി കേരള സര്‍ക്കാര്‍ മഞ്ചേശ്വരത്ത് നിര്‍മ്മിക്കുന്ന വിനോദ സഞ്ചാരികള്‍ക്കുള്ള വിശ്രമം കേന്ദ്രം(ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍) കടലെടുത്തു. സര്‍ക്കാര്‍ ഒരു കോടി പതിനഞ്ചുലക്ഷം രൂപ മുതല്‍ മുടക്കിയാണ് മഞ്ചേശ്വരം കണ്വതിര്‍ത്ഥ കടല്‍ തീരത്ത് സഞ്ചാരികള്‍ക്ക് വേണ്ടി വിശ്രമ കേന്ദ്രം നിര്‍മ്മിക്കുന്നത്.

2023ല്‍ തുടങ്ങിയ വിശ്രമ കേന്ദ്രത്തിന്റെ പണി ചില തടസങ്ങള്‍ കാരണമാണ് നീണ്ടുപോയതെന്നാണ് പറയുന്നത്. കെട്ടിടത്തിന്റെ 60 ശതമാനം പണി പൂര്‍ത്തിയായതായിരുന്നു. 89 ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ ആകെ ചെലവ്. ബാക്കി നികുതിയാണ്. കഴിഞ്ഞ ദിവസമുണ്ടായ കടല്‍ ക്ഷോഭത്തില്‍ കെട്ടിടത്തിന്റെ മുക്കാല്‍ ഭാഗവും കടലെടുക്കുകയായിരുന്നു.

ഇനിയും കടല്‍ ക്ഷോഭമുണ്ടായാല്‍ കെട്ടിടം പൂര്‍ണ്ണമായും നഷ്ടമാകുമെന്ന ആശങ്കയിലാണ് അധികൃതര്‍. കടലിന് ഇത്രയുമടുത്ത് എന്തിനാണ് വന്‍തുക മുടക്കി കെട്ടിടം പണി തുടങ്ങിയതെന്നാണ് നാട്ടുകാരുടെ ചോദ്യം. കെട്ടിടം പണി തുടങ്ങുമ്പോള്‍ തന്നെ വന്‍ എതിര്‍പ്പും ഉണ്ടായിരുന്നതായി പറയുന്നു.

Related Articles
Next Story
Share it