ഹൊസങ്കടിയില്‍ ദമ്പതികള്‍ വിഷം കഴിച്ച് മരിച്ച സംഭവം; മരണത്തിന് മുമ്പ് അധ്യാപികയെ രണ്ട് സ്ത്രീകള്‍ മര്‍ദ്ദിച്ചതായി ദൃക്‌സാക്ഷികള്‍

സംഭവം മാലയെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെ

ഹൊസങ്കടി: ഹൊസങ്കടിയില്‍ ദമ്പതികള്‍ വിഷം കഴിച്ച് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. മരണത്തിന് മുമ്പ് അധ്യാപികയെ എട്ടു പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ തിരിച്ചു നല്‍കാത്ത വിരോധത്തില്‍ രണ്ട് സ്ത്രീകള്‍ മര്‍ദ്ദിച്ചതായാണ് പുറത്തുവരുന്ന വിവരം. ഹൊസങ്കടി കടമ്പാര്‍ മില്ലിന് സമീപത്ത് താമസിക്കുന്ന അജിത്ത് (31), അധ്യാപികയായ ഭാര്യ ശ്വേത(28) എന്നിവരെയാണ് ഒക്ടോബര്‍ 6ന് വീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.

ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികില്‍സയിലായിരുന്ന ഇരുവരും പിറ്റേ ദിവസമാണ് മരിച്ചത്. ചില ഫൈനാന്‍സുകളില്‍ നിന്ന് ഇവര്‍ പലിശക്ക് പണം വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ വിഷം കഴിച്ച ദിവസം രാവിലെ രണ്ട് സ്ത്രീകള്‍ സ്‌കൂട്ടറില്‍ ദമ്പതികളുടെ വീട്ടിലെത്തിയിരുന്നു. ചായ സല്‍ക്കാരത്തിനിടെ സ്‌കൂട്ടറിലെത്തിയ രണ്ട് സ്ത്രീകളില്‍ ഒരാള്‍ നിങ്ങള്‍ എന്നോട് ഒന്നര വര്‍ഷം മുമ്പ് എട്ടു പവന്‍ സ്വര്‍ണ്ണഭരണങ്ങള്‍ വാങ്ങിയിരുന്നുവെന്നും ഇത് തിരിച്ചു വാങ്ങാനാണ് വന്നതെന്നും അറിയിച്ചു.

ഇതേ ചൊല്ലി ഏറെ നേരം വാക്കുതര്‍ക്കം നടന്നു. പിന്നീട് വീട്ടില്‍ നിന്ന് പുറത്തിറിങ്ങിയതിന് ശേഷം നിങ്ങള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ എന്ത് ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ അത് വിറ്റുവെന്നായിരുന്നു ദമ്പതികളുടെ മറുപടി. ഇതിനിടെയാണ് സ്‌കൂട്ടറിലെത്തിയ സ്ത്രീകളില്‍ ഒരാള്‍ ശ്വേതയുടെ മുഖത്തടിച്ചത്. അടിയേറ്റ വിഷമത്തില്‍ ശ്വേത പൊട്ടിക്കരഞ്ഞതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നു. അന്നേദിവസം വൈകിട്ട് മൂന്ന് മണിയോടെ ഇവരുടെ ഒന്നര വയസുള്ള ആണ്‍കുട്ടിയെ ബന്ധുവീട്ടില്‍ ഏല്‍പ്പിച്ചതിന് ശേഷം വിട്ടിലെത്തി വിഷം കഴിക്കുകയായിരുന്നു. ആത്മഹത്യാ കുറിപ്പ് കണ്ടെത്താന്‍ കഴിയാത്തതും ബന്ധുക്കളോ മറ്റോ പരാതി നല്‍കാത്തതും കാരണം പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

Related Articles
Next Story
Share it