വില കൂടിയതോടെ കര്‍ഷകരുടെ ഉറക്കം കെടുത്തി നാട്ടില്‍ തേങ്ങ-ചിരട്ട കള്ളന്‍മാര്‍ പെരുകുന്നു
മഞ്ചേശ്വരത്ത് പട്ടാപ്പകല്‍ വീടിന്റെ ഷെഡില്‍ സൂക്ഷിച്ച 200 തേങ്ങകള്‍ കളവ് പോയി

മഞ്ചേശ്വരം: തേങ്ങ, ചിരട്ട കള്ളന്‍മാര്‍ കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു. മഞ്ചേശ്വരത്ത് പട്ടാപ്പകല്‍ വീടിന്റെ ഷെഡില്‍ സൂക്ഷിച്ച 200 തേങ്ങകള്‍ കളവ് പോയി. മഞ്ചേശ്വരം മാട ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ഹരീഷിന്റെ വീട്ടില്‍ നിന്നാണ് തേങ്ങ മോഷണം പോയത്. ഹരീഷും ഭാര്യയും രാവിലെ വീട് പൂട്ടി ജോലിക്ക് പോയതായിരുന്നു. വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് തേങ്ങ മോഷണം പോയതായി അറിയുന്നത്.
ബായാര്‍, പൈവളിഗെ, ചേവാര്‍, മുളിഗദ്ദെ, ചിപ്പാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വീട്ടില്‍ സൂക്ഷിച്ച അമ്പതും നൂറും തേങ്ങകളും ചാക്കില്‍ കെട്ടി സൂക്ഷിച്ച ചിരട്ടകളും മോഷണം പോകുന്നത് പതിവാണ്. ചെറിയ മുതലായത് കൊണ്ട് പലരും പരാതി കൊടുക്കാറില്ല. മോഷ്ടിച്ച തേങ്ങകള്‍ കൂടുതലായി കള്ളന്‍മാര്‍ വില്‍പ്പന നടത്തുന്നത് ഹോട്ടലുകളിലാണ്. തേങ്ങ ശേഖരിക്കുന്ന കട ഉടമകള്‍ പരിചയമില്ലാത്ത ആള്‍ക്കാരോട് തേങ്ങ വാങ്ങുന്നത് കേസും മറ്റും പേടിച്ച് നിര്‍ത്തിയിട്ടുണ്ട്. ഹരീഷിന്റെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.