ഓണ പരിപാടിക്കിടെ കാര്‍ റേസിംഗ്; ഗേറ്റടച്ച് തടഞ്ഞ് അധ്യാപിക
ബേക്കൂര്‍ സ്‌കൂളിലാണ് സംഭവം

ബന്തിയോട്: ഓണം കലാപരിപാടി നടക്കുകയായിരുന്ന സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഓടിച്ചുവന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാറിനെ അധ്യാപിക ഗേറ്റടച്ച് കുടുക്കി. വെള്ളിയാഴ്ച ഉച്ചയോടെ ബേക്കൂര്‍ സ്‌കൂളിലാണ് സംഭവം. രാവിലെ മുതല്‍ ഓണത്തോടനുബന്ധിച്ച് സ്‌കൂളില്‍ കലാപരിപാടികള്‍ നടക്കുകയാണ്. ഉച്ചയോടെ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഓടിച്ച് വന്ന സ്വിഫ്റ്റ് കാര്‍ കുട്ടികളുടെയും അധ്യാപകരുടെയും മുന്നില്‍ വെച്ച് വളഞ്ഞും പുളഞ്ഞും ഓടിക്കുകയായിരുന്നു. ഇതിനിടെ രണ്ട് പിഞ്ചു കുട്ടികള്‍ ഭാഗ്യം കൊണ്ടു മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് അധ്യാപകര്‍ പറയുന്നു.
ഗ്രൗണ്ടില്‍ കാര്‍ വട്ടം തിരിയുന്നതിനിടെ ജീവന്‍ പണയം വെച്ച് ഒരു അധ്യാപിക ഓടി വന്ന് സ്‌കൂള്‍ ഗേറ്റ് അടച്ചു പൂട്ടുകയായിരുന്നു. ഇതോടെ കാറിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികള്‍ക്ക് പുറത്ത് പോകാന്‍ പറ്റാതായി. സംഭവമറിഞ്ഞ് നാട്ടുകാരെത്തി. കാറിലെത്തിയ കുട്ടികളെ നാട്ടുകാര്‍ അക്രമിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് അധ്യാപകരും പി.ടി.എ. കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് സ്‌കൂള്‍ ഓഫീസ് മുറിയില്‍ പുട്ടിയതിന് ശേഷം മഞ്ചേശ്വരം പൊലീസിലേല്‍പ്പിക്കുകയായിരുന്നു.