ബാക്രവയലിലെ വ്യാപാരിക്ക് വെടിയേറ്റ സംഭവത്തില്‍ കേസെടുത്തു; അന്വേഷണം പന്നിവേട്ടക്കെത്തിയവരെ കേന്ദ്രീകരിച്ച്

മരണംവരെ സംഭവിക്കാവുന്ന കുറ്റം ചുമത്തിയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തിട്ടുള്ളത്.

മഞ്ചേശ്വരം: ബാക്രവയലിലെ വ്യാപാരിക്ക് വെടിയേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രതികളെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജിതമാക്കി. ബാക്രവയലിലെ അടക്ക വ്യാപാരി നടിവയലില്‍ സവാദി(23)ന് ഞായറാഴ്ച രാത്രി ഒമ്പതരമണിയോടെ ബാക്രവയലിന് സമീപത്തെ മജന്തൂര്‍ കുന്നിന്റെ മുകളില്‍ നിന്നാണ് വെടിയേറ്റത്.

രാത്രി കുന്നിന്‍ മുകളില്‍ നിന്ന് വെളിച്ചം കണ്ടതിനെ തുടര്‍ന്നാണ് സവാദും മറ്റു മൂന്ന് പേരും ചേര്‍ന്ന് കാര്യം അറിയാന്‍ സംഭവ സ്ഥലത്തേക്ക് പോയത്. അപ്പോഴാണ് സവാദിന്റെ തുടക്ക് വെടിയേറ്റത്. സവാദ് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചയോടെ ആസ്പത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ തുടയില്‍ നിന്ന് കുപ്പി ചില്ലുകള്‍ പുറത്തെടുത്തു.

ആരോ വെടിവെച്ചുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. മരണംവരെ സംഭവിക്കാവുന്ന കുറ്റം ചുമത്തിയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തിട്ടുള്ളത്. ചിലര്‍ കഴിഞ്ഞ ദിവസം വന്ന് ഞങ്ങള്‍ ഇവിടെ കുന്നിന്‍ മുകളില്‍ പന്നിയെ പിടിക്കാന്‍ വരുമെന്നും നിങ്ങള്‍ പേടിക്കരുതെന്നും പറഞ്ഞതായി പ്രദേശവാസികള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഇവര്‍ ആരെന്നോ എവിടെ നിന്നും വന്നവരാണെന്നോ അറിയില്ല, ഇവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടത്തുന്നത്.

Related Articles
Next Story
Share it