വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ പുഴയിലേക്ക് ഒഴുകിപ്പോയി
കാര്‍ ക്രെയിന്‍ ഉപയോഗിച്ച് കരക്ക് കയറ്റി

മഞ്ചേശ്വരം: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ പുഴയിലേക്ക് ഒഴുകിപ്പോയി. പട്ടത്തൂരിലെ അബ്ദുല്‍ റസാഖിന്റെ കാറാണ് ഒഴുകി പോയത്. കാര്‍ വ്യാഴാഴ്ച രാത്രി വീടിന് സമീപത്ത് നിര്‍ത്തിയിട്ടതായിരുന്നു. വെള്ളിയാഴ്ച രാവിലെ നോക്കിയപ്പോഴാണ് കാര്‍ മജി വയല്‍ പുഴയില്‍ ഒഴുകി പോകുന്നത് കണ്ടത്.
പിന്നീട് കാര്‍ ക്രെയിന്‍ ഉപയോഗിച്ച് കരക്ക് കയറ്റി. വ്യാഴാഴ്ച രാത്രി മുതല്‍ ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. പല സ്ഥലങ്ങളിലും വെള്ളം നിറഞ്ഞു. ബങ്കര, മഞ്ചേശ്വരം, പൊസോട്ട് എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 25ല്‍ പരം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപ്രതീക്ഷിതമായി വീടുകളില്‍ വെള്ളം കയറിയത്.
വീട്ടിനകത്ത് കുടുങ്ങിയ കുടുംബങ്ങളെ ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് സംഘവും നാട്ടുകാരും ചേര്‍ന്ന് തോണിയിലും മറ്റുമായി രക്ഷപ്പെടുത്തിയതിന് ശേഷം ബന്ധു വീട്ടുകളിലേക്ക് മാറ്റി താമസിപ്പിക്കുകയായിരുന്നു.