വോര്‍ക്കാടിയില്‍ പന്നിക്ക് വെച്ച വെടിയുണ്ട ലക്ഷ്യം തെറ്റി വീടിന്റെ ജനല്‍ ചില്ലിലേക്ക് തുളച്ചുകയറി
നായാട്ടുസംഘത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്തു

മഞ്ചേശ്വരം: നായാട്ട് സംഘം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നതായി പരാതി. വോര്‍ക്കാടിയില്‍ പന്നിക്ക് വെച്ച വെടിയുണ്ട ലക്ഷ്യം തെറ്റി വീടിന്റെ ജനല്‍ ചിലില്ലേക്ക് തുളച്ച് കയറി. നായാട്ടുസംഘത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്തു. വോര്‍ക്കാടി ബേക്കറി ജംഗ്ഷന്‍ നളങ്കിപദവിലെ മെക്കാനിക്ക് ഹരീഷിന്റെ വീടിന്റെ ജനല്‍ ചില്ലാണ് തകര്‍ന്നത്.
രാത്രി പന്നിയെ വേട്ടയാടാന്‍ ഇറങ്ങിയ നായാട്ട് സംഘം പന്നിക്ക് വെച്ച വെടിയുണ്ടയാണ് ഹരീഷിന്റെ വീടിന്റെ ജനല്‍ ചില്ലില്‍ തുളച്ചു കയറിയത്. മഞ്ചേശ്വരം പൊലീസ് കണ്ടാലറിയാവുന്ന നായാട്ട് സംഘത്തിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തി കേസെടുത്തത്. ഏതാനും മാസം മുമ്പ് ആനക്കല്ലിലെ അടക്ക വ്യാപാരി സവാദിന് ആനക്കല്ല് മടിവയലില്‍ വെച്ച് രാത്രി നായാട്ട് സംഘം പന്നിക്ക് വെച്ച വെടിയുണ്ടയേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു.
സവാദിന്റെ കാലിലേക്കാണ് വെടിയുണ്ട തുളച്ചുകയറിയിരുന്നത്. പിന്നീട് ഇതേ സ്ഥലത്ത് വെടിയൊച്ചകള്‍ കേട്ടതായി നാട്ടുകാര്‍ പറയുന്നു. കര്‍ണാടകയില്‍ നിന്നെത്തുന്ന സംഘം ആനക്കല്ല്, വോര്‍ക്കാടി എന്നിവിടങ്ങളിലും മറ്റു കാട് നിറഞ്ഞ സ്ഥലങ്ങളിലും രാത്രിയില്‍ നിലയുറപ്പിച്ച് യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് നായാട്ടിനിറങ്ങുന്നത്. നായാട്ട് സംഘത്തെ പേടിച്ച് കഴിയേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍.