കടകളുടെ വരാന്തയില്‍ രക്തം കട്ടപിടിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കന്നുകാലികളുടെ കാലുകള്‍ വെട്ടി കടത്തിയതെന്ന് സംശയം

ഹൊസങ്കടി അംഗടിപ്പദവില്‍ രണ്ട് കടകളുടെ വരാന്തയില്‍ ശനിയാഴ്ച രാവിലെയാണ് രക്തം കട്ട പിടിച്ച നിലയില്‍ കാണപ്പെട്ടത്

ഹൊസങ്കടി: കടകളുടെ വരാന്തയില്‍ രക്തം കട്ടപിടിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കന്നുകാലികളുടെ കാലുകള്‍ വെട്ടി കടത്തിക്കൊണ്ടുപോയതിനാലാണ് രക്തം കടവരാന്തയില്‍ തളംകെട്ടാന്‍ കാരണമെന്നാണ് സംശയിക്കുന്നത്. ഹൊസങ്കടി അംഗടിപ്പദവില്‍ രണ്ട് കടകളുടെ വരാന്തയില്‍ ശനിയാഴ്ച രാവിലെയാണ് രക്തം കട്ട പിടിച്ച നിലയില്‍ കാണപ്പെട്ടത്.

ഉച്ചയോടെ ഫോറന്‍സിക് വിദഗ്ധരെത്തി രക്തത്തിന്റെ സാമ്പിളെടുത്ത് പരിശോധനക്ക് കൊണ്ടുപോയി. അലഞ്ഞു തിരിയുന്ന കാന്നുകാലികള്‍ ഓടാതിരിക്കാന്‍ കന്നുകാലികളെ കടത്തുന്ന സംഘം ആദ്യം കാലുകളാണ് വെട്ടുന്നത്. പിന്നീട് ഇതിനെ വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോകും. ഓടുന്ന വാഹനത്തില്‍ വെച്ച് തന്നെ ഇതിനെ കശാപ്പ് ചെയ്തതിന് ശേഷം കര്‍ണാടകയുടെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ഇറച്ചി വില്‍പ്പന നടത്തുന്ന സംഘം തന്നെ മഞ്ചേശ്വരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

മൂന്നാഴ്ച മുമ്പ് ഹൊസങ്കടി കടമ്പാറില്‍ പുലര്‍ച്ചെ നാല് മണിയോടെ തൊഴുത്തില്‍ കെട്ടിയ പോത്തിനെ ടെമ്പോയില്‍ എത്തിയ സംഘം കടത്തിക്കൊണ്ടു പോകുകയും പോത്തിനെ അറുത്ത് ഇറച്ചിയുമായി വന്ന ടെമ്പോ നാട്ടുകാര്‍ തടഞ്ഞു വെച്ച് മഞ്ചേശ്വരം പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. പോത്തിന്റെ ഉടമക്ക് പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തില്ല. കടവരാന്തയില്‍ രക്തം കണ്ടെത്തിയ സംഭവത്തില്‍ ഫോറന്‍സിക് പരിശോധനാ ഫലം ഇന്ന് കിട്ടും. അതിനുശേഷം അന്വേഷണം നടക്കുമെന്ന് മഞ്ചേശ്വരം പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it